കുട കരുതിക്കോളൂ, കാലവർഷം മെയ് 31ന് തന്നെ എത്തും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം കേരളത്തില്‍ മെയ് 31 ഓടെ എത്തിച്ചേരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെ പിന്നാലെ സംസ്ഥാനത്ത് ഇപ്പോള്‍ വേനല്‍ മഴ ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് കേരളത്തില്‍ കാലവര്‍ഷം മെയ് 31 ഓടെയെന്ന കേന്ദ്രകാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
പരമാവധി 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ പോകാം. സാധാരണ ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിലെത്തുന്നത്. 2015 ൽ ഒഴികെ 2005 മുതൽ 2023 വരെ കേരളത്തിലെ കാലവർഷം സംബന്ധിച്ച പ്രവചനം ശരിയായിരുന്നുവെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഇക്കുറി തീവ്രമായ ചൂടിന് പുറമെ മിക്ക ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ടായിരുന്നു. ഈ വര്‍ഷത്തെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം മെയ് 31ന് ആരംഭിക്കുന്നതോടെ നാല് മാസത്തെ മഴക്കാലത്തിന് തുടക്കമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒരാഴ്ച വൈകി ജൂണ്‍ എട്ടിനാണ് സംസ്ഥാനത്ത് കാലവര്‍ഷത്തിന് തുടക്കമായത്.കാലാവസ്ഥ സൂചകമനുസരിച്ച് ഈ വര്‍ഷം നാല് മാസത്തെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ സാധരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ മണ്‍സൂണ്‍ കാലം ആരംഭിക്കുന്ന സാധാരണ തീയ്യതി ജൂണ്‍ ഒന്നായാണ് കണക്കാക്കുന്നതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ ഡയറക്ടര്‍ മൃത്യുഞ്ജയ് മൊഹപത്ര അറിയിച്ചു. സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്നും ഞായറാഴ്ച വരെ ഇതു തുടരുമെന്നുമാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 9 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ശ്രീലങ്കയ്ക്കു മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും ലക്ഷദ്വീപു വരെ നീളുന്ന ന്യൂനമർദപാത്തിയും മഴ കനക്കാൻ ഇടയാക്കും.
തെക്കൻ തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്നു കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. ഇന്നു രാത്രി വരെ ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page