കാസര്‍കോട്: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ നിസംഗതയില്‍ സഹതപിച്ച് ജില്ലാകളക്ടര്‍ നേരിട്ട് രംഗത്തിറങ്ങി. ജില്ലയില്‍ വ്യാപകമായും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അതിരൂക്ഷമായും തുടരുന്ന പൂഴിക്കടത്ത് തീരദേശവാസികള്‍ക്ക് അതീവ ദുസ്സഹമായിരിക്കുകയാണെന്ന പരാതിയെ തുടര്‍ന്നാണ് രണ്ടുദിവസമായി ജില്ലാകളക്ടര്‍ നേരിട്ട് പൂഴിക്കടത്ത് പിടികൂടാന്‍ രംഗത്തിറങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചേ മൊഗ്രാല്‍ കെകെപുറത്തെത്തിയപ്പോള്‍ അനധികൃതമായി പൂഴികടത്തുന്ന ടിപ്പറുകള്‍ കണ്ടെത്തുകയും നിര്‍ത്താന്‍ കൈകാട്ടിയപ്പോള്‍ അതിവേഗം ഓടിച്ചുപോവുകയും ചെയ്തു. അല്പസമയം ടിപ്പറിനെ മറികടന്ന് നിര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും ടിപ്പര്‍ മിന്നിമറഞ്ഞു. മരണപ്പാച്ചലില്‍ റോഡരികിലുള്ള പോസ്റ്ററുകള്‍ ഇടിച്ച് മറിച്ചതായും പരാതിയുണ്ട്. ടിപ്പറിന്റെ നമ്പര്‍ കളക്ടര്‍ കുമ്പള പൊലീസിന് കൈമാറി. നമ്പര്‍ വച്ച് പൊലീസ് ടിപ്പറുകള്‍ക്കെതിരെ കേസെടുത്തു. ഇതിനിടെ കെകെപുറത്തെ കടവുകളിലേക്ക് പോവുകയായിരുന്നമറ്റൊരു ടിപ്പര്‍ കളക്ടര്‍ കെ ഇമ്പശേഖരന്‍ കസ്റ്റഡിയിലെടുത്തു. ഇതും കുമ്പള പൊലീസിന് കൈമാറി. തുടര്‍ന്ന് പച്ചമ്പള പാച്ചാണിയിലെ അനധികൃത കടവിലെത്തിലെ കളക്ടര്‍, മണല്‍ കയറ്റിയ ടിപ്പര്‍ പിടികൂടി പൊലീസിന് കൈമാറി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒളയം, ഷിറിയ, പികെ നഗര്‍, ഉളുവാര്‍, ഉളുവാര്‍ ടാങ്ക് പരിസരം, ഇച്ചിലംകോട് പാച്ചാണി, കല്‍പ്പാറ, മണ്ടേകാപ്പ്, ഉപ്പള പെരിങ്കടി എന്നിവിടങ്ങളില്‍ അനധികൃത കടവുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലധികം കടവുകള്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ട്. കഴിഞ്ഞ ദിവസവും ജില്ലാകളക്ടര്‍ അനധികൃത പൂഴിക്കടത്തിനെതിരെ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡില്‍ ഒരു ടിപ്പര്‍ ലോറി പിടിച്ചു.
