കാസർകോട്: ചിറ്റാരിക്കല്‍ ഇരുപത്തഞ്ചില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ബേബി കുര്യാക്കോസിന്റെ പറമ്പിലെ ഉപയോഗശൂന്യമായ കിണറിലാണ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ കിണര്‍ വൃത്തിയാക്കാന്‍ ഏല്‍പിച്ച തൊഴിലാളികള്‍ ചെളിയും മാലിന്യങ്ങളും കോരി കരയ്ക്കിട്ടപ്പോഴാണ് അതില്‍ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്. ഇതോടൊപ്പം ഒരു ആധാര്‍ കാര്‍ഡും വസ്ത്രങ്ങളുടെയും ഷൂസിന്റെയും ഭാഗങ്ങളും കിട്ടിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. തൊഴിലാളികൾ വീട്ടുടമയെ അറിയിച്ചെങ്കിലും അദ്ദേഹം നാട്ടിൽ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച വൈകിട്ടാണ് സ്ഥലത്തെത്തിയത്. ഇതോടെ ചിറ്റാരിക്കാൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വസ്ത്രങ്ങൾക്കൊപ്പം ലഭിച്ച ആധാറിൽ 40 വയസ്സുള്ള അനീഷ് കുര്യന്റെ മേൽവിലാസമാണ് കണ്ടത്. ഇദ്ദേഹത്തെ ഒരു വർഷം മുമ്പ് കാണാതായിരുന്നു. അതുകൊണ്ടുതന്നെ ശരീരാവശിഷ്ടങ്ങൾ ഇദ്ദേഹത്തിന്റെതാകാമെന്ന് സംശയിക്കുന്നു.
ചിറ്റാരിക്കാൽ സബ് ഇൻസ്‌പെക്ടർ അരുണന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയായി. ഫോറൻസിക്, വിരൽ അടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. അസ്ഥികൂടതിന് മാസങ്ങളുടെ പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
