കാസര്‍കോട്: അനധികൃത ഖനനങ്ങള്‍ വ്യാപകമായതോടെ മണല്‍ക്കടത്ത് പിടികൂടാന്‍ ജില്ലാകളക്ടര്‍ തന്നെ നേരിട്ട് റെയിഡിനെത്തി. ഞായറാഴ്ച പുലര്‍ച്ചേ നടത്തിയ റെയ്ഡില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഒരു ലോറിയും നാല് ടണ്‍ മണലും പിടികൂടി. മണല്‍ കടത്തുന്നതിന് ഉപയോഗിച്ചിരുന്ന ഡ്രൈവറുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. കൊഡല്‌മെര്‍ക്കള വില്ലേജിലെ ചേവാര്‍ റോഡിലാണ് മണല്‍ പിടികൂടിയത്. പിടികൂടിയ ലോറി കളക്ടറേറ്റ് വളപ്പിലേക്ക് മാറ്റി. അനധികൃത ചെങ്കല്‍ ഖനനവും മണല്‍ക്കടത്തും തടയുന്നതിന് ജില്ലാകളക്ടറുടെ നേതൃത്വത്വത്തില്‍ നടത്തിവരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് റെയ്ഡ് നടന്നത്. ശനിയാഴ്ച മഞ്ചേശ്വരം താലൂക്കില്‍ ആറ് വാഹനങ്ങള്‍ പിടികൂടിയിരുന്നു. മഞ്ചേശ്വരം ഭൂരേഖ തഹസില്‍ദാര്‍ കെ.ജി മോഹന്‍രാജിന്റെ നേതൃത്വത്തില്‍ താലൂക്ക് സ്‌ക്വാഡ് ആണ് ലോറികള്‍ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ അനധികൃത ഖനനങ്ങളിലേര്‍പ്പെട്ട 10 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. ജില്ലയില്‍ എല്ലായിടത്തും അനധികൃത മണല്‍ക്കടത്തും ചെങ്കല്‍ ഖനനവും ഉള്‍പ്പടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി തുടരുമെന്ന് ജില്ല കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു.
