കാസര്‍കോട്: ഐസ്‌ക്രീം എന്ന വ്യാജേന ബോള്‍ ഐസ്‌ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭര്‍ത്താവിന്റെ ആക്രമണം. പൊള്ളലേറ്റ മകനെ ഗുരുതരനിലയില് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെട്ടതിനാല്‍ ഭാര്യ ആസിഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാരിക്കല്‍ കമ്പല്ലൂര്‍ സ്വദേശി പി വി സുരേന്ദ്രനാഥിനെ (49) ചിറ്റാരിക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു. സുരേന്ദ്രനാഥിന്റെ മകന്‍ പിവി സിദ്ധുനാഥിനാണ് (20) അക്രമത്തില്‍ പൊള്ളലേറ്റത്. സിദ്ധുനാഥിന്റെ പുറത്താണ് ആസിഡ് ബോള്‍ വീണത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് ചിറ്റാരിക്കല്‍ കമ്പല്ലൂരിലാണ് സംഭവം. ഐസ്‌ക്രീം എന്ന വ്യാജേന ബോള്‍ ഐസ്‌ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. മുന്‍പ് ഭാര്യയെ പ്രതി മദ്യ കുപ്പി പൊട്ടിച്ച് കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് പയ്യന്നൂര്‍ പൊലീസില്‍ നിലനില്‍ക്കുന്ന കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആസിഡ് ആക്രമണം. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
