കാസര്‍കോട്: തോട്ടത്തിലേക്ക് പോകുന്നതിനിടയില്‍ കര്‍ഷകന്റെ കഴുത്തില്‍ നിന്ന് രണ്ടര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചോടിയത് വയനാട്ടില്‍ വെച്ച് അറസ്റ്റിലായ പ്രതിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വയനാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയില്‍ പിടിയിലായ നെല്ലിക്കട്ട, ചെന്നടുക്കയിലെ മുഹമ്മദ് സുഹൈലി(32)നെ കാസര്‍കോട്ടെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കര്‍ഷകന്റെ മാല പൊട്ടിച്ച സംഭവത്തിന് തുമ്പായത്.
ഏപ്രില്‍ 27ന് പകലാണ് പൈവളിഗെ, പഞ്ചായത്തിലെ ചേവാര്‍ സ്വദേശി ഗോപാലകൃഷ്ണഭട്ടിന്റെ മാലപൊട്ടിച്ചത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ ഗോപാലകൃഷ്ണ ഭട്ടിനോട് വഴി ചോദിക്കുകയും ഇതിനിടയില്‍ മാല പൊട്ടിച്ച് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മുഹമ്മദ് സുഹൈലിനെ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം വയനാട്ടിലെ ഒളിവു കേന്ദ്രത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പിടിച്ചുപറിയടക്കം 16ല്‍പ്പരം കേസുകളില്‍ പ്രതിയാണ് മുഹമ്മദ് സുഹൈല്‍. കര്‍ണ്ണാടക സ്വദേശിയായ അസല്‍ ആണ് കൂട്ടു പ്രതിയെന്നും സുഹൈല്‍ മൊഴി നല്‍കി. ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നു
