കാസര്‍കോട്: മദ്യലഹരിയില്‍ ബന്ധുവിന്റെ വീട്ടിലെത്തി ജനല്‍ചില്ലു തകര്‍ത്ത യുവാവിനെ കഴുത്തില്‍ ചങ്ങലക്കിട്ട് ബന്ധിച്ച് കൊണ്ടു പോകുന്നതിനിടയില്‍ മരണപ്പെട്ടു. കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ സ്വര്‍ഗയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ബട്ടംപാടി, താണമൂലയിലെ ചേതന്‍ (33) ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തില്‍ ചേതന്റെ മാതാവ് ഉമാവതി, ഉമാവതിയുടെ മകളുടെ ഭര്‍ത്താവും അയല്‍വാസിയുമായ യൂസഫ് എന്നിവരെ പുത്തൂര്‍ റൂറല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ സംഭവം. കൂലിത്തൊഴിലാളിയായ ചേതന്‍ സ്ഥിരം മദ്യപാനിയാണത്രെ. സംഭവ ദിവസം രാത്രി മദ്യലഹരിയിലെത്തിയ ഇയാള്‍ മാതാവുമായി വഴക്കിട്ടു. തുടര്‍ന്ന് അയല്‍പക്കത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയി. അവിടെയും ബഹളം വെക്കുകയും വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതോടെ ഉമാവതി മകളുടെ വീട്ടിലെത്തി. തുടര്‍ന്ന് ഉമാവതിയും യൂസഫും ചേര്‍ന്ന് ചേതനെ കീഴ്പ്പെടുത്തി ചങ്ങല കൊണ്ട് ബന്ധിക്കുകയായിരുന്നുവെന്ന് പറയുന്നു. വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ ചേതന്‍ അസ്വസ്ഥനായി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കഴുത്തില്‍ ചങ്ങല കുരുങ്ങിയതാണ് മരണകാരണമെന്ന് സംശയിക്കുന്നു. ആശുപത്രിയില്‍ എത്തിച്ചവര്‍ പറഞ്ഞത് ചേതന്‍ ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചുവെന്നാണ്. എന്നാല്‍ ചേതനെ ചങ്ങല കൊണ്ട് ബന്ധിച്ച് വലിച്ചിഴച്ച് കൊണ്ടു പോകുന്നത് കണ്ടിരുന്നുവെന്നാണ് പരിസരവാസികള്‍ പൊലീസിനെ അറിയിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്.
