ന്യൂദെല്‍ഹി: ഏറെ വൈകാതെ തന്നെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി ജയിലിലടക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചതിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുഖ്യമന്ത്രി പിണറായി വിജയനും മോദിയുടെ ലിസ്റ്റിലുണ്ട്. ഏകാധിപത്യമാണ് മോദി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള 21 ദിവസവും മോദിക്കെതിരെ പ്രചരണം നടത്തും. മോദി വോട്ടു ചോദിക്കുന്നത് അമിത്ഷായെ പ്രധാനമന്ത്രിയാക്കാനാണ്. മുതിര്‍ന്ന ബിജെപി നേതാക്കളുടെ രാഷ്ട്രീയ ഭാവി മോദി ഇല്ലാതാക്കി. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ 230ല്‍ കൂടുതല്‍ സീറ്റ് കിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് വോട്ട് കുറയും. ഇന്ത്യാസഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തും. ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കും-നീണ്ട കരഘോഷത്തിനിടയില്‍ കെജ്രിവാള്‍ പറഞ്ഞു.
