കണ്ണൂര്‍: കേരളത്തെ ആകെയും പിടിച്ചുലച്ച പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകത്തില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശേരി അഡീഷണല്‍ ജില്ലാ കോടതി ഒന്നാണ് കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ശിക്ഷ സംബന്ധിച്ച വാദം കോടതിയില്‍ നടക്കുകയാണ്. പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)യെ മുന്‍ കാമുകന്‍ കൂത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്ത്(28) ആണ് കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയത്. 2022 ഒക്ടോബറില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു കൊലപാതകം. വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും കൊലപാതകം നടക്കുന്നതിന് രണ്ടുമാസം മുന്‍പ് ഇവര്‍ തെറ്റിപ്പിരിഞ്ഞെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു പൊലീസ് പറയുന്നത്. വിഷ്ണുപ്രിയ സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ആരുമില്ലാത്ത നേരത്ത് വീട്ടില്‍ എത്തിയപ്പോള്‍ വിഷ്ണുപ്രിയ ആണ്‍സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. ഇതുകണ്ട ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്.
