കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയുടെ മുഖ്യകണ്ണി അറസ്റ്റില്‍. കണ്ണൂര്‍, ചെറുകുന്ന് സ്വദേശി സനോജി (38)നെയാണ് ഇരിട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി കെ ബിജേഷും സംഘവും വ്യാഴാഴ്ച രാത്രി ബംഗളൂരുവിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് അറസ്റ്റു ചെയ്തത്. ഇയാളെ ഇരിട്ടിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ കണ്ണൂര്‍ ജില്ലയിലേയ്ക്ക് മയക്കുമരുന്ന് ഒഴുകിയെത്തുന്നതിന്റെ പ്രധാന വഴികള്‍ ഏതെന്നു വ്യക്തമാകുമെന്ന കണക്കു കൂട്ടലിലാണ് പൊലീസ് സംഘം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇരിട്ടി പൊലീസ് കൂട്ടുപ്പുഴയില്‍ നടത്തിയ തെരച്ചിലില്‍ വിഷ്ണുരാജ്, സാജിത്ത് എന്നിവരെ എം ഡി എം എയുമായി അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് സനോജിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.
