കണ്ണൂര്‍: വഴിയാത്രക്കാരിയുടെ കഴുത്തില്‍ നിന്ന് രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചോടി. ബൈക്കിലെത്തിയ മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കകം പൊലീസ് പൊക്കി. കേക്കണ്ണപുരത്തെ കടപ്പുറത്ത് അകത്തെഹൗസില്‍ അബ്ദുല്‍ റഹ്‌മാന്‍ (32), ഇരിണാവ് വെണ്ടക്കാല്‍ ഹൗസില്‍ വസീല്‍ (31) എന്നിവരെയാണ് കണ്ണപുരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ.സുഷീറും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് 11.30മണിയോടെയാണ് സംഭവം. കണ്ണൂര്‍, താവം, ദാലില്‍ റോഡരുകില്‍ കൂടി നടന്നു പോവുകയായിരുന്ന സുമതി വേണുഗോപാലിന്റെ കഴുത്തില്‍ നിന്നാണ് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ മാല പൊട്ടിച്ചോടിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ വരുന്നതും മാല പൊട്ടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെടുത്തു. ചിത്രത്തില്‍ ബൈക്കിന്റെ നമ്പര്‍ വ്യക്തമായി തെളിഞ്ഞിരുന്നു. പ്രസ്തുത നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് വൈകുന്നേരത്തോടെ ബൈക്ക് കണ്ണപുരത്ത് റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ട് പിന്നാലെ തന്നെ മോഷ്ടാക്കളായ ഇരുവരെയും പിടികൂടുകയും ചെയ്തു.
