കാസര്‍കോട്: കാജലും പൂജയും നിഷയും ഇന്ന് ആഹ്‌ളാദത്തിലാണ്. മധ്യപ്രദേശില്‍ കാസര്‍കോട്ടെത്തിയ ഈ സഹോദരിമാര്‍ നേടിയെടുത്തത് ഫുള്‍ എ പ്ലസ് വിജയം. കാസര്‍കോട് കളനാട് ഇടവുങ്കാലിലെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന മാര്‍ബിള്‍ തൊഴിലാളി ജിതേന്ദറിന്റെയും വീട്ടമ്മയായ സുരക്ഷയുടെയും അഞ്ച് മക്കളില്‍ മൂന്നു പേരാണ് ഇത്തവണ പത്താംതരത്തില്‍ മികച്ച വിജയം നേടിയത്. ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കന്നട മീഡിയം വിദ്യാര്‍ഥിനികളായ മൂവരും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് വിജയിച്ചത്. മലയാള മണ്ണിന്റെ സ്‌നേഹ മധുരം നുകര്‍ന്ന് ഒരു അതിഥിത്തൊഴിലാളിയുടെ മൂന്ന് മക്കള്‍ ഒന്നിച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ചു എന്ന ഖ്യാതിയും ഇവരുടെ വിജയത്തിനുണ്ട്. പ്രായത്തില്‍ മുതിര്‍ന്നത് കാജലാണ്. രണ്ടാമത് പൂജയും ഏറ്റവും ഇളയത് നിഷയുമാണ്. പഠിക്കാനാവശ്യമായ എല്ലാ സഹചര്യങ്ങളും ഒരുക്കി നല്‍കുമ്പോഴും ഹിന്ദി മാത്രം അറിയുന്ന മാതാപിതാക്കള്‍ക്ക് പഠനത്തില്‍ ഇവരെ സഹായിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ വീട്ടിലെത്തിയാല്‍ പഠന സമയത്ത് ഉണ്ടാകുന്ന സംശയങ്ങള്‍ മൂവരും ചേര്‍ന്നു പരിഹരിക്കുകയാണ് ചെയ്തിരുന്നത്. ഒപ്പം അധ്യാപകരുടെ സഹായവും കൂടി ലഭിച്ചത് കൊണ്ടാണ് മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചതെന്നാണ് ഇവര്‍ പറയുന്നത്. കാജലിനു ഡോക്ടറും പൂജയ്ക്ക് അധ്യാപികയും നിഷയ്ക്ക് പൊലിസ് ഓഫിസറും ആകാനാണു താല്‍പര്യം. പഠനത്തില്‍ മാത്രമല്ല പാഠ്യേതര മേഖലകളിലും കഴിവ് തെളിയിച്ച ഇവര്‍ അധ്യാപകരുടെ പ്രിയ വിദ്യാര്‍ഥിനികളാണ്.
സ്‌കൂളിലോ മറ്റിടങ്ങളിലോ ഇതര സംസ്ഥാനക്കാരാണെന്ന വേര്‍തിരിവില്ലെന്നും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും തങ്ങളോടു വലിയ സ്‌നേഹമാണെന്നും ഇവര്‍ പറയുന്നു. 16 വര്‍ഷം മുന്‍പാണ് ജിതേന്ദര്‍ മധ്യപ്രദേശിലെ കൈലാറസില്‍ നിന്ന് ജോലി തേടി കാസര്‍കോട്ടെത്തിയത്. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും തങ്ങള്‍ക്ക് ലഭിക്കുന്ന ചെറിയ വരുമാനത്തില്‍നിന്നും മിച്ചം പിടിച്ചു മക്കളെ ഇനിയും നല്ല നിലയില്‍ പഠിപ്പിക്കമെന്നാണ് ഈ മാതാപിതാക്കളുടെ ആഗ്രഹം.
