വീട് പണി തടസപ്പെടുത്താന്‍ വഴിയടച്ച് സിപിഎം കൊടി സ്ഥാപിച്ചു; പാര്‍ട്ടിക്കൊടി സ്ത്രീകളുടെ നേതൃത്വത്തില്‍ എടുത്തുനീക്കി; തടയാനെത്തിയ കൗണ്‍സിലറെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നാട്ടുകാര്‍ തടഞ്ഞു

ചേര്‍ത്തല: വീടുപണി തടസപ്പെടുത്താന്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പാര്‍ട്ടിക്കൊടി ഒരു സംഘം സ്ത്രീകളുടെ നേതൃത്വത്തില്‍ എടുത്തുമാറ്റി. തടയാനെത്തിയ കൗണ്‍സിലറെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നാട്ടുകാര്‍ തടഞ്ഞു. നഗരസഭ 15-ാം വാര്‍ഡില്‍ തോട്ടത്തില്‍ കവലയ്ക്കു സമീപമാണു സംഭവം. വാര്‍ഡിലെ വെളിഞ്ഞാട്ടുചിറ അഞ്ജലിക്കാണ് വീടു നിര്‍മിക്കുന്നത്. ഇവരുടെ പറമ്പിന്റെ കിഴക്കേ അതിര്‍ത്തിയിലൂടെ റോഡ് നിര്‍മിക്കുന്നതിന് പ്രദേശത്തെ സി.പി.എം. പ്രവര്‍ത്തകര്‍ നേരത്തെ സ്ഥലം ചോദിച്ചിരുന്നു. ഇതേവഴിക്കായി മുന്‍പ് സ്ഥലം നല്‍കിയതിനാല്‍ ഇവരുടെ ആവശ്യം നിരാകരിച്ചു. ഇതിന്റെ പേരില്‍ കഴിഞ്ഞ ഒക്ടോബര്‍ 27ന് വീട് നിര്‍മിക്കുന്ന സ്ഥലത്തിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടി സ്ഥാപിക്കുകയായിരുന്നെന്നും സ്ഥലത്തേക്ക് ട്രോളി പോലും കയറാത്ത വിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്‌തെന്നും വീട്ടുകാര്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരായിരുന്ന അഞ്ജലിയുടെ കുടുംബം പാര്‍ട്ടി ജില്ലാ സെക്രട്ടറിയുള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പൊലീസിലും പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ല. മനംനൊന്ത് അഞ്ജലിയുടെ അമ്മാവനായ പുരുഷോത്തമന്‍ കഴിഞ്ഞ 16 ന് കൊടിമരത്തിന് സമീപം ആത്മഹത്യയ്ക്ക് ശ്രമിച്ചത് വിവാദമായിരുന്നു. ഏഴു മാസമായി വീടുപണി മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ കൊടി പിഴുതുമാറ്റിയത്. വീട്ടുകാര്‍ക്കു പിന്തുണയുമായി ബി.ജെ.പി. പ്രവര്‍ത്തകരും സ്ഥലത്തെത്തി. കൊടി മാറ്റുന്നത് തടയാന്‍ ശ്രമിച്ചതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. ഇരുകൂട്ടരും പിന്നീട് സംഘര്‍ഷത്തിലെത്തിയതോടെ പൊലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ വഴിയടച്ച് സ്ഥാപിച്ചിരുന്ന കൊടി മറ്റൊരു സ്ഥലത്തേക്കു മാറ്റി. റവന്യൂ വകുപ്പിന് പരാതി നല്‍കാന്‍ പൊലീസ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് സ്ത്രീകള്‍ കൊടി പിഴുതുമാറ്റിയത്. സംഭവം വിവാദമായതോടെ പ്രദേശിക നേതാക്കള്‍ക്കെതിരേ സി.പി.എമ്മിലെ ഒരുവിഭാഗം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page