
കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് അച്ഛനും രണ്ടുമക്കളും. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ പി ശിവകുമാര്‍ (54) മക്കളായ
ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. കാറില്‍ ഇവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചൊവ്വ രാവിലെ 11 മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാറും കാസര്‍കോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലന്‍സുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രയിലുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്ത് എടുത്തത്. മൃതദേഹങ്ങള്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെത്തിയ ശേഷം ബുധനാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തും. കാറിനെ ഇടിച്ച ശേഷം ആംബുലന്‍സ് റോഡില്‍ മറിഞ്ഞു. ആംബുലന്‍സിലുണ്ടായിരുന്ന 4 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ചട്ടഞ്ചാലിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഉഷയെ വിദഗധ ചികില്‍സക്ക് മംഗളൂരുവിലേക്ക് കൊണ്ട് പോകവെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഉഷ, ഭര്‍ത്താവ് ശിവദാസ്, നഴ്‌സ് റോബിന്‍, ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.