രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണണം..; ആഗ്രഹം പങ്കുവച്ച് മംഗലം കളി കലാകാരി കൊട്ടിയമ്മ

കാസര്‍കോട്: രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാനുള്ള ആഗ്രഹവുമായി മംഗലം കളി കലാകാരി ചാലിങ്കാലിലെ കൊട്ടിയമ്മ. ഊരിന്റ ഉയിരാകാന്‍ ഉണ്ണിത്താന് വോട്ട്, എന്ന തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയ ആദിവാസി കോണ്‍ഗ്രസ് ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു അവര്‍. ആദിവാസി സമൂഹത്തില്‍ നിന്ന് മംഗലം കളിയിലൂടെ പ്രശസ്തയായ കൊട്ടിയമ്മക്ക് വയസ്സ് 107 ആയി. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നെഞ്ചിലേറ്റി ജീവിക്കുന്ന കൊട്ടിയമ്മക്ക് രാജ്യത്തെ ഭരണത്തില്‍ കോണ്‍ഗ്രസ് തിരിച്ചു വരാനും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാനും ഏറെ മോഹമുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും കാസര്‍കോട്ട് ജില്ലയില്‍ വന്നപ്പോള്‍ അവരെ കാണാന്‍ പോയതിന്റെ ഓര്‍മ്മകള്‍ കൊട്ടിയമ്മയെ ഇപ്പോഴും ആവേശം കൊള്ളിക്കുന്നു. വര്‍ഷങ്ങള്‍ ഏറെ കടന്നു പോയിട്ടും കൊട്ടിയമ്മ ഇതൊക്കെ ജീവിതത്തിലെ ധന്യമുഹൂര്‍ത്തമായിട്ടാണ് കാണുന്നത്. മംഗലം കളി പോലുള്ള ഗോത്രകലകളെ പൊതു വേദികളില്‍ കൊണ്ട് വന്നു ജനകീയമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച കലാകാരിയാണ് കൊട്ടിയമ്മ. നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും കൊട്ടിയമ്മക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. നാട്ടു വൈദ്യത്തിലും പ്രാവീണ്യം ഉണ്ട്. കൊട്ടിയമ്മയുടെ ഭര്‍ത്താവ് നാട്ടു വൈദ്യത്തിലും മന്ത്രവാദത്തിലും പേര് കേട്ട വ്യക്തിയായിരുന്നു. ഭര്‍ത്താവില്‍ നിന്നാണ് കൊട്ടിയമ്മക്ക് ഒറ്റമൂലി ചികിത്സാ വിദ്യകള്‍ പകര്‍ന്നു കിട്ടിയത്. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടാനും ന്യൂനപക്ഷങ്ങള്‍ക്കും ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നേ മതിയാകൂ എന്ന കാര്യത്തില്‍ കൊട്ടിയമ്മക്ക് ഉറച്ച നിലപാടാണ് ഉള്ളത്. വര്‍ഗീയതയും അഴിമതിയും മുഖമുദ്രയാക്കിയ ബി ജെ പിയുടെ പരാജയം ഉറപ്പ് വരുത്തണമെന്ന് കൊട്ടിയമ്മ പറഞ്ഞു. കേരളാ ആദിവാസി കോണ്‍ഗ്രസ്സ് സംസ്ഥാന ജന:സെക്രട്ടറി പത്മനാഭന്‍ ചാലിങ്കാല്‍, കോണ്‍ ബൂത്ത് പ്രസിഡന്റ് പ്രമോദ് ചെക്യാര്‍പ്പ്, കെ.ഭാസ്‌കരന്‍, സി.മധു, സി.രാജു, വെള്ളച്ചി, ഉഷ, സി. കല്യാണി, നാരായണി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page