92 വയസ്സുകാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തുവെന്ന് പരാതി; കാസര്‍കോട്ട് കള്ളവോട്ട്; പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കണ്ണൂര്‍: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ടെന്ന് പരാതി. കല്ല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പാറക്കടവില്‍ 92 വയസ്സുകാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തുവെന്നാണ് പരാതി. വീട്ടില്‍ തന്നെ വോട്ടു ചെയ്യുന്ന സംവിധാനത്തില്‍ കല്ല്യാശ്ശേരി പഞ്ചായത്തിലെ 164-ാം നമ്പര്‍ ബൂത്തിലെ ദേവിയെന്ന 92 വയസ്സുകാരിയുടെ വോട്ട് കള്ള വോട്ടായി ചെയ്തുവെന്നാണ് പരാതി. ദേവി വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ കല്യാശ്ശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശന്‍ എന്നയാള്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോ ഗ്രാഫര്‍ എന്നിവരെയാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സസ്പെന്റ് ചെയ്തത്. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ക്രിമിനല്‍ നടപടിയെടുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണര്‍ മുഖേന കല്ല്യാശ്ശേരി മണ്ഡലം ഉപവരണാധികാരി കണ്ണപുരം പൊലീസ് സ്റ്റേഷനില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്തത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 128 (1) വകുപ്പിന്റെ ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page