കാസർകോട്: രാജ്യത്ത് മോദി തരംഗമില്ലെന്നും ഇന്ത്യാ മുന്നണി അധികാരത്തിലേറുമെന്നും എ. ഐ.സി.സി വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. കാസർകോട് പ്രസ് ക്ലബ്ബിൻ്റെ ജനസഭ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004 ൽ ഇന്ത്യ തിളങ്ങുന്നുവെന്ന വാജ്പേയ് സർക്കാരിൻ്റെ പ്രഖ്യാപനം യാഥാർഥ്യമായില്ല. അത് പോലെ തന്നെയാണ് നിലവിലുള്ള സ്ഥിതിയും മോദിക്കനുകൂലമായ സാഹചര്യം നിലവിലില്ല. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. ദേശീയ തലത്തിൽ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണം. വർഗീയതക്ക് ഇവിടെ സ്ഥാനമില്ല. കേന്ദ്ര-സംസ്ഥാന ഭരണത്തിൽ ജനം മനം മടുത്തു. കേരളത്തിൽ യുഡിഎഫ് 20-20 യടിക്കും. രാഹുൽ ഗാന്ധിയാണ് നരേന്ദ്ര മോദിയുടെ ടാർജറ്റ്. കേരളത്തിലെ സ്വർണ കള്ളക്കടത്ത്, മാസപ്പടി, കേസുകൾ ഒന്നുമാകില്ല. ഒരേ തൂവൽ പക്ഷികളാണ് മോദിയും, പിണറായിയും. പ്രതിപക്ഷ വോട്ടുകൾ ഏകീകരിക്കുകയാണ് ഇന്ത്യാ മുന്നണി ലക്ഷ്യം. 65 ശതമാനം വോട്ടുകൾ ഏകീകരിക്കുകയെന്ന ദൗത്യമാണ് ഇന്ത്യാ മുന്നണിയുടേത്. മുഖ്യമന്ത്രി സർക്കാരിൻ്റെ നേട്ടങ്ങൾ എവിടെയും പറയുന്നില്ല. നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കുമെതിരെയും ഒരക്ഷരം ഉരിയാടുന്നില്ല. ഇത് സി പി എം – ബിജെപി അന്തർധാരയുടെ ഭാഗമാണ്. ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ ആദ്യ കാബിനറ്റിൽ തന്നെ സി എ എ അടക്കമുള്ള കരിനിയമങ്ങൾ റദ്ദാക്കും. രാജ് മോഹൻ ഉണ്ണിത്താനെതിരെ സി പി എം സ്ഥാനാർഥി തന്നെ വർഗീയ ധ്രുവീകരണവുമായി രംഗത്ത് വന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. തളങ്കര പ്രദേശം ഹസ്റത്ത് മാലിക്കു ദീനാർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണാണ്. മത സൗഹാർദ്ദത്തിൻ്റെ ഈറ്റില്ലമാണ്. എന്നിട്ടും ഈ പ്രദേശത്തെ വർഗീയമായി ചിത്രീകരിക്കാൻ എൽ ഡി എഫ് സ്ഥാനാർഥി തന്നെ രംഗത്ത് വന്നത് പ്രതിഷേധാർഹമാണ്. വീഡിയോ ഈ സാഹചര്യത്തിൽ പ്രചരിപ്പിക്കുന്നത് നിർഭാഗ്യകരമാണ്. നേതാക്കളുടെ ഔദ്യോഗിക പേജിൽ തന്നെ എതിർ സ്ഥാനാർത്ഥിയെ കുറിച്ചുള്ള പ്രചരണം നടത്തിയത് ശരിയായ നടപടി അല്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു. എം എൽ എ മാരായ എ കെ എം അഷറഫ്, എൻ എ നെല്ലിക്കുന്ന്, ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ, യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
