കണ്ണൂര്‍: കേരളം ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് അമര്‍ന്നുകൊണ്ടിരിക്കെ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പയ്യന്നൂരില്‍ അക്രമം. സി.പി.എം താമരക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ തിങ്കളാഴ്ച രാത്രി ഉണ്ടായ അക്രമത്തില്‍ ഫര്‍ണ്ണിച്ചറുകളും തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളും നശിപ്പിച്ചു.
ഓഫീസിന്റെ പൂട്ടു തകര്‍ത്ത് അകത്ത് കടന്ന അക്രമികള്‍ കസേരകള്‍ തകര്‍ത്തു. അകത്ത് സൂക്ഷിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളായ ഫ്ളക്സുകളും പോസ്റ്ററുകളും നശിപ്പിച്ചതായും പരാതിയില്‍ പറഞ്ഞു. ഓഫീസ് മുറ്റത്ത് ഉണ്ടായിരുന്ന കൊടിമരവും തകര്‍ത്ത നിലയിലാണ്. വിവരമറിഞ്ഞ് പയ്യന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണമാരംഭിച്ചു.
അക്രമം നടന്ന ഓഫീസ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, ജില്ലാ സെക്രട്ടറി ടി.വി രാജേഷ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
