വടകര: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമ നിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചതോടെ അപരന്മാരും പത്രിക നൽകി. വടകര പാർലിമെന്റിൽ മണ്ഡലത്തിൽ അഞ്ച് അപരന്മാരണ് പത്രിക സമർപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ യ്ക്ക് മൂന്ന് അപരന്മാരാണുള്ളത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് രണ്ട് അപരന്മാരുമുണ്ട്. എന്നാൽ എൻഡിഎ സ്ഥാനാർഥി പ്ര ഫുൽ കൃഷ്ണന് അപരന്മാരില്ല.
കെ.കെ. ശൈലജ, കെ. ശൈലജ, പി. ശൈലജ എന്നിവരാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ അപരന്മാർ. ടി.പി. ഷാഫി, ഷാഫി എന്നിവരാണ് യുഡിഎഫ് സ്ഥാനാർഥിയുടെ അപരന്മാർ. കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ മൂന്ന് അപര സ്ഥാനാർഥികളും പത്രിക നൽകി. രണ്ട് കെ. സുധാകരൻമാരും ഒരു എം.വി. ജയരാജനും രണ്ടു ജയരാജൻമാരുമാണ് സ്വതന്ത്ര സ്ഥാനാർഥികളായി പത്രിക സമർപ്പിച്ചത്. എൻഡിഎ സ്ഥാനാർത്ഥി സി. രഘുനാഥിന് അപര സ്ഥാനാർഥിയില്ല. വളപട്ടണം സലിം, ചന്ദ്ര ൻ തില്ലങ്കേരി എന്നിവരാണ് മറ്റു രണ്ടു സ്വതന്ത്ര സ്ഥാനാർഥികൾ.
അതേസമയം, കോട്ടയത്ത് അപരനായി പത്രിക നൽകിയവരിൽ സിപിഎം നേതാവുമുണ്ട് എന്നാണ് ശ്രദ്ധേയം. പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ അപരനായത്. തൃശ്ശൂർ അഞ്ചേരി സ്വദേശി ഫ്രാൻസിസ് ഇ ജോർജ് ആണ് കോട്ടയത്ത് പത്രിക നൽകിയ മറ്റൊരു അപരൻ. മാവേലിക്കരയിൽ കൊടിക്കുന്നിലിന് രണ്ട് അപരൻമാരാണ് ഉള്ളത്. ത്രികോണപ്പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് ശശി തരൂരിനും അപരനുണ്ട്. വിളപ്പിൽശാല സ്വദേശിയായ ശശിയാണ് തിരുവനന്തപുരത്ത് പത്രിക നൽകിയത്.
