കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ തീപാറും മത്സരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കുന്നതിനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് സിപിഎമ്മും ഇടതുമുന്നണിയും. സ്ഥാനാര്‍ത്ഥി പര്യടനം തുടരുന്നതിനിടയില്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ കുടുംബയോഗങ്ങളും മറ്റും വിളിച്ച് ചേര്‍ത്ത് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാണ്. കാലങ്ങള്‍ക്ക് ശേഷം കൈവന്ന വിജയം ഇത്തവണയും ആവര്‍ത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉണ്ണിത്താന്‍ മുന്‍തൂക്കം നല്‍കുന്നത്. കരുത്തു തെളിയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും മുന്‍തൂക്കം നല്‍കുന്നത്.
കാസര്‍കോട് മണ്ഡലത്തില്‍ 13 പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. പത്രികയിന്മേലുള്ള സൂക്ഷ്മ പരിശോധന രാവിലെ ആരംഭിച്ചു. തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഇടത് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണനു രണ്ട് അപരന്മാരുണ്ട്. സ്വതന്ത്രസ്ഥാനാര്‍ത്ഥികളായ ബാലകൃഷ്ണന്‍ ചെമ്മഞ്ചേരിയും എന്‍ ബാലകൃഷ്ണനുമാണ് അപരന്മാര്‍.
