കാസര്‍കോട്: ഉപ്പള ആക്‌സിസ് ബാങ്ക് എ ടി എമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചതു സംബന്ധിച്ച അന്വേഷണം ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിച്ചു. ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രണ്ടു ടീമുകളെ കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും നിയോഗിച്ചു. കവര്‍ച്ചാ സംഘം തമിഴ്‌നാട്ടിലെ തരിട്ടു സംഘം തന്നെയാണെന്ന് പൊലീസ് ഏതാണ്ടുറപ്പിച്ചിട്ടുണ്ട്. ഉപ്പളയിലെ എ ടി എമ്മില്‍ നിക്ഷേപിക്കാനെത്തിച്ച പണം കൊള്ളയടിച്ച ദിവസം കര്‍ണ്ണാടകയില്‍ ഇതേ സംഘം ഒരു കാറിന്റെ ചില്ല് ഇത്തരത്തില്‍ പൊളിച്ച് അതിനുള്ളില്‍ നിന്നു പണവും ലാപ്‌ടോപ്പും കൊള്ളയടിച്ചതിന്റെ സി ടി ടി വി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. അതിനിടയില്‍ കവര്‍ച്ചാ സംഘത്തിന്റെ ലൊക്കേഷന്‍ തമിഴ്‌നാട്ടിലാണെന്നു കണ്ടെത്തി അന്വേഷണ സംഘം അവിടെ എത്തുമ്പോള്‍ ലൊക്കേഷന്‍ കര്‍ണ്ണാടകയില്‍ കാണിക്കുന്നതായും അന്വേഷണ സംഘം സൂചിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തെ രണ്ടായി വിഭജിച്ച് ഇരു സംസ്ഥാനങ്ങളിലും നിയോഗിച്ചിട്ടുള്ളത്. കുറ്റവാളികളെ താമസിയാതെ പിടിയിലാക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.