ശബരിമല: സന്നിധാനത്ത് ഹരിവരാസനം നടക്കുമ്പോള്‍ അതിനൊപ്പിച്ചു കൊച്ചുമാളികപ്പുറം നടത്തിയ നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നൃത്തം അവതിപ്പിച്ചത് നീലേശ്വരത്തിന്റെ കൊച്ചുമകള്‍ വിഷ്ണുപ്രിയ രാജേഷ്. ശബരിമല ഉത്സവദിവസമായ 23ന് ശനിയാഴ്ച രാത്രി പത്തരയോടെ ഉച്ച ഭാഷിണിയിലൂടെ ഹരിവരാസനം കേട്ടുതുടങ്ങിയപ്പോഴാണ് കുട്ടി അതിനൊപ്പിച്ച് ചുവടുവെച്ചത്. പതിനെട്ടാംപടിക്കുതാഴെ കിഴക്കോട്ടുമാറി ആലിനു സമീപത്തായിരുന്നു നടനം. ഹരിവരാസന സമയത്ത് താന്‍ നടന മുദ്രയിലൂടെ നമസ്‌കരിക്കും എന്ന് കുട്ടി അച്ഛനോട് പറഞ്ഞിരുന്നു. പത്തര കഴിഞ്ഞ് ഹരിവരാസനം തുടങ്ങിയപ്പോള്‍ താന്‍ മുമ്പ് വേദികളില്‍ അവതരിപ്പിച്ച ഹരിവരാസന നൃത്തരൂപം അവതരിപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിന് അഭിമുഖമായുള്ള നൃത്തം ഭാവതാളലയമുള്ളതായിരുന്നു. അയ്യപ്പന്റെ കഥയിലെ ഭാഗങ്ങള്‍ ഹരിവരാസന വരികളില്‍ വരുമ്പോള്‍ അതിന്റെ സത്തചോരാത്ത വിധത്തിലായിരുന്നു കുട്ടിയുടെ നൃത്താര്‍ച്ചന. ഹരിവരാ സനം തീര്‍ന്നപ്പോള്‍ കുട്ടി സാഷ്ടാംഗ നമസ്‌കാരം ചെയ്തു. ഉത്സവനാളില്‍ ശബരിമലയില്‍ ഹരിവരാസനത്തിനൊപ്പിച്ച് നൃത്തം. എല്ലാം എനിക്കെന്റെ സ്വാമി എന്ന ഫെയ്സ് ബുക്ക് പേജിലാണ് ഒരാള്‍ നൃത്തത്തിന്റെ വീഡിയോ ലൈവായി പോസ്റ്റ് ചെയ്തത്. ഇതോടെ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് നൂറുകണക്കിന് കമന്റ് വന്നു. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പതിനായിരക്കണക്കിന് പേര്‍ നൃത്തം ഷെയര്‍ ചെയ്‌തെങ്കിലും കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലായിരുന്നു. ഇതാടെയാണ് കുട്ടിയെ കണ്ടത്താന്‍ അന്വേഷണം തുടങ്ങിയത്. നീലേശ്വരം പേരോല്‍ പത്തിലക്കണ്ടം സ്വദേശി പി വി രാജേഷിന്റെയും ഗീതാ രഘുനാഥിന്റെയും മകളാണ് ഒമ്പതു വയസുകാരിയായ കന്നി മാളികപ്പുറം.
