കാസര്‍കോട്: എല്ലാവരും നിന്നും ഇരുന്നും പാടുമ്പോള്‍ ബന്തടുക്ക പടുപ്പ് ശങ്കരമ്പാടിയിലെ ഗോപാല്‍ജി തലകുത്തി നിന്ന് പാടുന്നു. ഗോപാല്‍ജിയുടെ ശ്രുതിമധുരവും ഭാവസാന്ദ്രവുമായ ഉച്ചികുത്തിനിന്നുകൊണ്ടുള്ള ഗാനങ്ങള്‍ പ്രേക്ഷകരെ വശീകരിക്കുന്നു. കുട്ടിക്കാലത്ത് ജീവിത പ്രാരാബ്ധങ്ങള്‍ മൂലം ഔപചാരിക വിദ്യാഭ്യാസം നേടാന്‍ അവസരം കിട്ടാതെ പോയ ഗോപാല്‍ജി സാധാരണക്കാര്‍ക്ക് പറഞ്ഞിട്ടുള്ള കൂലിപ്പണിയില്‍ ഏര്‍പ്പെടുകയായിരുന്നു. കൂലിപ്പണിയില്‍ നിന്നു ജോലിയുടെ മികവുകള്‍ കണ്ടെത്തി പാടത്തും പറമ്പുകളിലും അത് പരീക്ഷിച്ചു. അനുഭവങ്ങളും അറിവും അനുഭവിച്ചു പഠിച്ച ഗോപാല്‍ജി കാണുന്നതും കേള്‍ക്കുന്നതും മനസ്സില്‍ പതിച്ചുവെച്ചു. ഔപചാരിക വിദ്യാഭ്യാസം കൊണ്ട് അറിവ് നേടിയവരെക്കാള്‍ ചിന്തയിലും വാക്കിലും പ്രവൃത്തിയിലുമൊക്കെ അറിവിന്റെ വെളിച്ചം ഗോപാല്‍ജി പകരുന്നു. ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും പലരുടെയും പാട്ടുകളും അതിന് ലഭിക്കുന്ന അംഗീകാരങ്ങളും ആദരവുകളും കണ്ടറിഞ്ഞ ഗോപാല്‍ജിക്കും ഒരു പൂതി വന്നു. ആ വേദികളില്‍ നിന്ന് തനിക്കും പാടണം. തനിക്കും അംഗീകാരം നേടണം.
അമ്മയുടെയും മുത്തശ്ശിമാരുടെയും പാട്ടും കളികളും കണ്ടുവളര്‍ന്ന ഗോപാല്‍ജി അക്ഷരമറിയില്ലെങ്കിലും കേട്ടറിഞ്ഞ പദങ്ങളും വാക്യങ്ങളും വരികളുമൊക്കെ ശ്രുതി ഭദ്രതയോടെ ആലപിക്കുമായിരുന്നു.
ആ കഴിവിനെ കൂടുതല്‍ തേച്ചുമിനുക്കിയെങ്കിലും തൃപ്തിവരാതെ മനസ്സു മാറി നിന്നു. അപ്പോഴാണ് പതിവ് ഗാനാലാപനത്തില്‍ നിന്നു വ്യത്യസ്തമായ ഒരു ഗാനാലാപന രീതിയെക്കുറിച്ച് ഗോപാല്‍ജിയുടെ മനസ് മന്ത്രിച്ചത്. എല്ലാവരും നിന്നും ഇരുന്നുമൊക്കെ പാടുമ്പോള്‍ തനിക്ക് എന്തുകൊണ്ട് തലകുത്തി നിന്ന് പാടിക്കൂടാ. പിന്നീട് അതിന് വേണ്ടിയുള്ള പരിശ്രമമായി. പലപ്പോഴും അത്തരത്തില്‍ പാടാന്‍ ശ്രമിക്കുമ്പോള്‍ കഴിച്ച ആഹാരം വായിലൂടയും മൂക്കിലൂടെയും പുറത്തുവന്നു. അത് ആദ്യഘട്ടത്തില്‍ നീറുന്ന അനുഭവമായിരുന്നു. എങ്കിലും ലക്ഷ്യത്തില്‍ പിടിച്ചുനിന്നു. വീണ്ടും വീണ്ടും പാടി ആദ്യം ഒരു വാക്ക് പാടി. പിന്നെ ഒരു വരി പാടി. പിന്നീട് ഒരു ഗാനം ആലപിച്ചു. ഒടുവില്‍ കലാഭവന്‍ മണിയുടെ രണ്ട് നാടന്‍പാട്ടുകള്‍ തുടര്‍ച്ചയായി പാടി. ഇപ്പോള്‍ 15 മിനിറ്റ് വരെ തലകീഴായി നിന്ന് ശ്രുതിമധുരമായി ഗോപാല്‍ജി പാടുന്നു. അംഗീകാരങ്ങളും ആദരവുകളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. പാട്ടിലെന്നല്ല, ഏതു കാര്യത്തിലും നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ആര്‍ക്കും ലക്ഷ്യത്തില്‍ എത്താനാവുമെന്ന് ഗോപാല്‍ജി ഓര്‍മ്മിക്കുന്നു.