2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫല കണക്കില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍; കാസര്‍കോട് ഉണ്ണിത്താന്‍ തുടരുമോ? എം.വി ബാലകൃഷ്ണൻ കീഴടക്കുമോ? എം.എല്‍ അശ്വിനി ചരിത്രം കുറിക്കുമോ?

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാള്‍കുറിച്ചു കഴിഞ്ഞു. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളൊക്കെ പൂര്‍ത്തിയാക്കി, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും ശക്തമാക്കിക്കഴിഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍ സിറ്റിംഗ് എം.പിയായ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഒ രാജഗോപാല്‍, കെ.സുരേന്ദ്രന്‍, സി.കെ പത്മനാഭന്‍, പി.കെ കൃഷ്ണദാസ് തുടങ്ങിയ മുതിര്‍ന്നവരും പയറ്റിത്തെളിഞ്ഞവരും മത്സരിച്ച കാസര്‍കോട് മണ്ഡലത്തില്‍ ബിജെപി ഇത്തവണ കേരളത്തിന്റെ മരുമകളായ, കര്‍ണ്ണാടക സ്വദേശിനിയായ എം.എല്‍ അശ്വനിയെ ആണ് തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയത്. മൂന്നു മുന്നണികളും വിജയ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണ് കാസര്‍കോട്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലം.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കുത്തകയായിരുന്ന കാസര്‍കോട് യുഡിഎഫ് പിടിച്ചെടുത്തുവെന്നാണ് ചരിത്രം. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 47496 വോട്ടുകള്‍ നേടിയാണ് ഉണ്ണിത്താന്റെ വിജയം. 43.18 ശതമാനം വോട്ടാണ് ഉണ്ണിത്താന്‍ കയ്യടക്കിയത്. പി. കരുണാകരന്റെ പിന്തുടര്‍ച്ചക്കാരനായെത്തിയ കെ.പി സതീഷ് ചന്ദ്രന്‍ 39.5 ശതമാനം വോട്ടു നേടി. 434523 വോട്ടാണ് അദ്ദേഹത്തിന്റെ പെട്ടിയില്‍ വീണത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവീശതന്ത്രി കുണ്ടാര്‍ 1,76,049 വോട്ടുകളാണ് നേടിയത് 4,417 വോട്ട് നോട്ടയ്ക്കു ലഭിച്ചു. ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ഉണ്ണിത്താന്റെയും കൂട്ടരുടെയും പ്രതീക്ഷ. ആ പ്രതീക്ഷ അസ്ഥാനത്താണെന്നും ഇത്തവണ കൈപ്പത്തി മടക്കേണ്ടിവരുമെന്നും അരിവാള്‍ ചുറ്റിക വിജയത്തിളക്കം നേടുമെന്നു സിപിഎമ്മും കണക്കുകൂട്ടുന്നു.
എന്നാല്‍ എന്തായിരിക്കും ലോക്‌സഭാ മണ്ഡലത്തില്‍ 2024ലെ തിരഞ്ഞെടുപ്പില്‍ സംഭവിക്കുക? 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ 1,69,781 വോട്ടുകളുടെ മുന്‍തൂക്കമാണ് ഇടതുമുന്നണിക്കുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്‌റഫ് 765 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. രണ്ടാം സ്ഥാനം ബി.ജെ.പിക്കാണ്. കാസര്‍കോട് മണ്ഡലത്തില്‍ നിന്നു യുഡിഎഫിലെ എന്‍എ നെല്ലിക്കുന്ന് 12901 വോട്ടുകള്‍ക്കു വിജയിച്ചു. മറ്റു അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ നേട്ടങ്ങളുടെ തേരോട്ടം നടത്തിയത് ഇടത് മുന്നണിയാണ്. ഉദുമയില്‍ സിഎച്ച് കുഞ്ഞമ്പു 13,322 വോട്ടും കാഞ്ഞങ്ങാട്ട് ഇ. ചന്ദ്രശേഖരന്‍ 27139 വോട്ടും തൃക്കരിപ്പൂരില്‍ എം രാജഗോപാലന്‍ 26137 വോട്ടിന്റെയും ഭൂരിപക്ഷം നേടി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വോട്ടു ചോര്‍ച്ച ഉണ്ടായ കല്ല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷമാണ് നല്‍കിയത്. പയ്യന്നൂരില്‍ ടിഐ മധുസൂദനന്‍ 49780 വോട്ടിന്റെ ഭൂരിപക്ഷത്തിനും കല്ല്യാശ്ശേരിയില്‍ എം വിജിന്‍ 44393 വോട്ടിന്റെ ഭൂരിപക്ഷത്തിനും വിജയിച്ചു. ഈ ഭൂരിപക്ഷം തന്നെയാണ് ഇക്കുറി എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഈ പ്രതീക്ഷയെ ഉണ്ണിത്താനു എങ്ങനെ മറികടക്കാനാവുമെന്നാണ് വോട്ടര്‍മാര്‍ ഉറ്റുനോക്കുന്നത്. സീറ്റ് നില നിര്‍ത്താന്‍ യുഡിഎഫ് കിണഞ്ഞു ശ്രമിക്കുകയും നഷ്ടപ്പെട്ട കാസര്‍കോട് മണ്ഡലമെന്ന മുത്തിനെ വീണ്ടെടുക്കാന്‍ എല്‍ഡിഎഫും എണ്ണയിട്ട യത്രം പോലെ പ്രവര്‍ത്തിക്കുമ്പോള്‍ ആര്‍ക്കായിരിക്കും അന്തിമ വിജയം? ഇരുമുന്നണികളെയും തള്ളി വനിതാ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയ ബിജെപിക്കു പിഴക്കുമോ? പ്രവചനാതീത മണ്ഡലമായി മാറുമോ കാസര്‍കോട്? എങ്ങും എവിടെയും ചര്‍ച്ച ഇങ്ങനെ പോകുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page