കാസര്‍കോട്: സിപിഎം നേതാവിന്റെ ബൈക്ക് മോഷ്ടിച്ച് യുവതിയെ തന്ത്രപൂര്‍വ്വം കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിക്ക് കാസര്‍കോട്ടെ ഏതെങ്കിലും കേസുകളില്‍ ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 57 പൊലീസ് സ്റ്റേഷനുകളിലായി 60 ല്‍പ്പരം കേസുകളില്‍ പ്രതിയാണ് കഴിഞ്ഞ ദിവസം പിടിയിലായ കൊണ്ടോട്ടി, ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാന്‍ (49). അതു കൊണ്ടു തന്നെ ഇയാള്‍ കാസര്‍കോട് ജില്ലയിലും എത്തിയിരിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. വയോധികമാരെ ബലാത്സംഗം ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്ത കേസുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പരിശോധന നടക്കുന്നത്. മട്ടന്നൂരിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ ആളുടെ ബൈക്കു മോഷ്ടിച്ചാണ് മുജീബ് റഹ്‌മാന്‍ ഏറ്റവും ഒടുവിലത്തെ കുറ്റകൃത്യം നടത്തിയത്. പേരാമ്പ്രയിലെ അനുവി(26)നെ ഈ ബൈക്കില്‍ തന്ത്രപൂര്‍വ്വം കയറ്റിക്കൊണ്ടുപോയ ശേഷം തോട്ടില്‍വെച്ച് കൊലപ്പെടുത്തിയത്. അതിന് ശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.
2022 സെപ്തംബര്‍ മാസത്തില്‍ മുത്തേരിയില്‍ നടന്ന സംഭവമാണ് അനുകൊലക്കേസ് അന്വേഷണം മുജീബ് റഹ്‌മാനിലേക്ക് എത്തിച്ചേരാന്‍ ഇടയാക്കിയത്. ജോലിക്കു പോവുകയായിരുന്ന വയോധികയെ മോഷ്ടിച്ചെടുത്ത ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി കൈകാലുകള്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത ശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയെന്നാണ് കേസ്. കൂത്തുപറമ്പിലെ ഭാര്യാവീട്ടില്‍ നിന്നും അറസ്റ്റിലായ പ്രതി പിന്നീട് റിമാന്റുകാലത്ത് രക്ഷപ്പെട്ടു. പിന്നീട് വീണ്ടും പിടിയിലായി ഒന്നര വര്‍ഷക്കാലം റിമാന്റില്‍ കഴിഞ്ഞ ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങിയതും അനുവിനെ കൊലപ്പെടുത്തിയതും.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, കാട്ടിയടുക്കത്തില്‍ സ്വന്തം വീട്ടില്‍ ദേവകിയെന്ന സ്ത്രീ കൊല്ലപ്പെട്ട കേസിനു ഇനിയും തുമ്പായിട്ടില്ല. ഈ കേസ് ക്രൈംബ്രാഞ്ചിന്റെ കയ്യിലാണിപ്പോള്‍.