ചെറുവത്തൂര്‍: കടം കൊടുത്ത പണം തിരികെ നല്‍കാത്തതിന് പൊലീസില്‍ കേസ് കൊടുത്തതിന്റെ വിരോധത്തില്‍ വ്യാപാരിയെ മൊബൈല്‍ ഫോണില്‍ വിളിച്ചും വാട്സ് ആപ്പ് മെസേജ് വഴിയും ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്ത രണ്ടുപേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
ചെറുവത്തൂരിലെ സന ഫുട്വെയര്‍ ഉടമ വലിയപറമ്പ് വെളുത്തപൊയ്യയില്‍ സ്വദേശി തെക്കേകോലയത്ത് കെ.അഹമ്മദിന്റെ മകന്‍ കെ.പി കമറുദ്ദീന്റെ പരാതിയിലാണ് കേസ്. വെളുത്തപൊയ്യയിലെ നൗഫല്‍, മലപ്പുറം താനൂരിലെ മുഹമ്മദ് അന്‍വര്‍ എന്നിവര്‍ക്കെതിരെയാണ് വ്യത്യസ്ഥ സംഭവങ്ങളില്‍ ചന്തേര പൊലീസ് കേസെടുത്തത്. കമറുദ്ദീന്റെ ബന്ധുവായ നൗഫല്‍ ഗള്‍ഫിലേക്ക് പോകാനുള്ള ആവശ്യത്തിനാണ് പണം കടം വാങ്ങിയത്. മംഗളൂരു സ്വദേശിയും താനൂരില്‍ ഭാര്യയുടെ നാട്ടില്‍ താമസക്കാരനുമായ മുഹമ്മദ് അന്‍വര്‍ കമറുദ്ദീന്റെ കടക്ക് മുന്നില്‍ തുണിക്കച്ചവടം നടത്തിയിരുന്ന സമയത്ത് വ്യാപാരം വിപുലപ്പെടുത്താന്‍ അഞ്ച് ലക്ഷം രൂപ കടംവാങ്ങിയത്. എന്നാല്‍ പിന്നീട് കടം കൊടുത്ത പണം തിരികെ ചോദിച്ചപ്പോള്‍ ഇരുവരും ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവത്രെ. തുടര്‍ന്നാണ് കമറുദ്ദീന്‍ ഇവര്‍ക്കെതിരെ ചന്തേര പൊലീസില്‍ കേസ് കൊടുത്തത്. ഇപ്പോള്‍ കേസ് കൊടുത്തതിന്റെ പേരിലാണ് തന്നെ ഇരുവരും ഭീഷണിപ്പെടുത്തുന്നതെന്ന് കമറുദ്ദീന്‍ പറഞ്ഞു.
