ന്യൂഡല്‍ഹി: ഹരിയാനയില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയായി അധികാരമേറ്റ നയാബ് സിംഗ് സൈനി ബുധനാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചു. 90 അംഗ നിയമസഭയില്‍ സൈനി സര്‍ക്കാരിന് 48 അംഗങ്ങളുടെ ഭൂരിപക്ഷം ലഭിച്ചു. ബി.ജെപിക്ക് 41 ഉം, കോണ്‍ഗ്രസിന് മുപ്പതും ജനനായക് ജനതാപാര്‍ടിക്ക് പത്തും ഏഴു കക്ഷിരഹിതരുമാണുള്ളത്. ഏഴ് അംഗങ്ങളില്‍ ആറുപേരും, ഹരിയാന ലോക് ഹിത് പാര്‍ടിയുടെ ഏക എം.എല്‍.എ യായ ഗോപാല്‍ ഖണ്ഡയും സൈനി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ജനനായക് പാര്‍ടിയുടെ വിപ്പ് അഞ്ച് എം.എല്‍.എമാര്‍ പാലിക്കുകയും ആസമയത്ത് അവര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയുംചെയ്തു. ശേഷിച്ച അഞ്ചുപേര്‍ നിയമസഭയില്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി-ജെഎന്‍ജെ സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ ലോക് സഭാ സീറ്റ് വിഭജനം സംബന്ധിച്ച ഭിന്നതകളെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ മന്ത്രിസഭ ഇന്നലെ രാജിവച്ചതിനെ തുടര്‍ന്നാണ് ബിജെപി നേതൃത്വത്തില്‍ സൈനി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
