ന്യൂഡൽഹി: ടി.എൻ. പ്രതാപനെ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശ്ശൂർ സിറ്റിങ് എം.പിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വർക്കിങ് പ്രസിഡന്റാക്കാനുള്ള നിർദേശം എ.ഐ.സി.സി. പ്രസിഡന്റ് അംഗീകരിച്ചു. നിയമനം സംബന്ധിച്ച് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പത്രക്കുറിപ്പ് ഇറക്കി. സർപ്രൈസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയപ്പോൾ സിറ്റിംഗ് എംപിയായ പ്രതാപന്റെ പേര് വന്നില്ല. സിറ്റിങ് എം.പിമാരെല്ലാം മത്സരിക്കാൻ തയ്യാറെടുക്കണമെന്ന് ഹൈക്കമാൻഡ് നിർദേശം നൽകിയതിന്റെ പശ്ചാത്തലത്തിൽ ടി.എൻ. പ്രതാപൻ മണ്ഡലത്തിൽ സജീവമാകുകയും ചുമരെഴുത്തുകൾ തുടങ്ങുകയും ചെയ്തെങ്കിലും അപ്രതീക്ഷിതമായാണ് കെ. മുരളീധരനെ തൃശ്ശൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. കെ. മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ പോയതിന്റെ പശ്ചാത്തലത്തിലായിരുന്നു നീക്കം. നിലവിൽ രണ്ട് വർക്കിങ് പ്രസിഡന്റുമാരാണ് കെ.പി.സി.സിക്കുള്ളത്. കൊടിക്കുന്നിൽ സുരേഷ് എം.പിക്കു പുറമേ കൽപറ്റ എം.എൽ.എ. ടി. സിദ്ദിഖും കെ.പി.സി.സി. വർക്കിങ് പ്രസിഡന്റാണ്.
2019ലെ തിരഞ്ഞെടുപ്പിൽ മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (93,633) നേടിയാണ് പ്രതാപൻ ലോക്സഭയിലെത്തിയത്.
