‘എക്കാലവും ചക്ക വീണാൽ മുയൽ ചാവില്ല, 2019 ഓര്‍ത്ത് ജനങ്ങൾക്ക് പശ്ചാത്താപം’; എം വി ബാലകൃഷ്ണൻ

കാഞ്ഞങ്ങാട്:
രാഹുൽ​ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നു എന്ന പ്രചാരണവും മറ്റനേകം ക്യാമ്പയിനുകളുമാണ് 2019ൽ ഇടത് മുന്നണിയ്ക്ക് കാസര്‍കോട് സീറ്റ് നഷ്ടമാകാൻ ഇടയാക്കിയതെന്നും 2019 ഓര്‍ത്ത് ജനങ്ങൾക്ക് പശ്ചാത്താപമുണ്ടെന്നും എക്കാലവും ചക്ക വീണാൽ മുയൽ ചാവില്ലെന്നും എൽഡിഎഫ് കാസര്‍കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണൻ പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ വോട്ടങ്കം 24ൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു. ഒരിടത്തും തന്നെ ആളുകൾക്ക് പരിചയപ്പെടുത്തേണ്ടി വന്നിട്ടില്ല. പടിപടിയായി കയറി വന്നത് കൊണ്ട് ജനങ്ങൾക്ക് പേരെടുത്ത് വിളിക്കാൻ കഴിയുന്നുണ്ട്. കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും ഇരുന്ന കാലത്ത് രാഷ്ട്രീയ ഭേദ​മന്യേ എതിരാളികളെയും വികസന കാര്യത്തിൽ സഹകരിപ്പിക്കാനായി. രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ കയ്യിൽ നിന്നടക്കം അവാര്‍ഡ് വാങ്ങാനായത് ഈ ഇടപെടലിലൂടെയാണ്. 2019ൽ സംഭവിച്ച അക്ഷരത്തെറ്റ് തിരുത്തും എന്നതാണ് അധ്യാപകനെന്ന നിലയിൽ പറയുന്ന ഉറപ്പ്. ഇതിന് പതിനാല് ലക്ഷം ജനങ്ങൾ സര്‍വശക്തിയും നൽകും. രാഷ്ട്രീയ മുതലെടുപ്പിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവര്‍ക്കെല്ലാം ഇത്തവണ പശ്ചാത്താപമുണ്ട്. അത് പ്രചാരണത്തിനിടെ ബോധ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും ഫെഡറലിസത്തിനും കീഴിൽ കത്തി വെക്കുമ്പോൾ, അത്തരം നിയമങ്ങൾ രാജ്യത്ത് പാസാക്കുമ്പോൾ 18 എംപിമാര്‍ ശബ്ദിച്ചോ.? കേരളത്തിന് 13000 കോടി വായ്പയെടുക്കാൻ സൂപ്രീംകോടതി അനുമതി നൽകുന്നത് വരെ പ്രതിപക്ഷത്തിന്റെ നിലപാട് എന്തായിരുന്നു. ജയിൽ വേണോ പദവി വേണോ എന്ന് ചോദിക്കുമ്പോൾ പലരും ബിജെപിയിലേക്ക് ചാടുകയല്ലേ. എനിക്ക് ഇഡിയെ പേടിയില്ല. അതുകൊണ്ട് തല പോയാലും വോട്ട് പാഴാകില്ല. എതിര്‍ രാഷ്ട്രീയ പാര്‍ട്ടികൾക്ക് സ്വാധീനമുള്ള ചിറ്റാരിക്കാലിലും ബോവിക്കനത്തുമടക്കം ആളുകൾ പൊതുയോ​ഗത്തിലേക്ക് വരുന്നത് ഇതിന്റെ തെളിവാണ്. കേരളത്തിൽ പോലും കോൺ​ഗ്രസിൽ നിന്ന് ആളുകൾ ബിജെപിയിലേക്ക് പോകുമോയെന്ന് ആളുകൾ പ്രതീക്ഷിച്ചിരുന്നോ. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ ബിജെപിയിലേക്ക് ഒരു പട തന്നെ പോകും. ഇവരെ എങ്ങനെ ജനം വിശ്വസിക്കും. എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാൻ എംപി പാര്‍ലമെന്റിൽ എന്തെങ്കിലും വാ തുറന്ന് സംസാരിച്ചോ എന്നും അദ്ദേഹം ചോദിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ടി കെ നാരായണൻ അധ്യക്ഷനായി. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാ​ഗതവും ട്രഷറര്‍ ഫസലു റഹ്മാൻ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page