ഉത്സവത്തിനിടെ ഹോട്ടലില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കി: ഉടമയില്‍ നിന്ന് 20,000 രൂപ പിഴ ഈടാക്കാന്‍ നോട്ടീസ്

കാസര്‍കോട്: കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം വെടിയുത്സവത്തിനിടെ ടൗണിന് സമീപത്തെ ഹോട്ടലില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കിയ സംഭവത്തില്‍ ഉടമക്കെതിരെ 20,000 രൂപ പിഴയടക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞ് മലിനജലം ഓവുചാലിലേക്കു തുറന്നു വിടുകയും ഓവുചാല്‍ പൊട്ടി റോഡില്‍ മലിനജലം ഒഴുക്കിയതായുമുള്ള പരാതിയെ തുടര്‍ന്നാണ് നടപടി. സുധീന്ദ്ര ഹോട്ടലില്‍ നിന്ന് റോഡിലേക്ക് മലിനജലം ഒഴുക്കിവിട്ടതായി പഞ്ചായത്ത് അധികൃതര്‍ കണ്ടെത്തിയിരുന്നു. മലിന ജലം റോഡിലേക്ക് ഒഴുകുന്ന വിവരം നാട്ടുകാര്‍ വിവിധ വകുപ്പിനെ അറിയിച്ചെങ്കിലും തങ്ങളുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. ഒടുവില്‍ പഞ്ചായത്തിനെ വിവരമറിയിക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ടു നിന്ന ആഘോഷം സമാപിച്ചതോടെ റോഡില്‍ അവശേഷിച്ച പ്ലാസ്റ്റിക്കും അല്ലാത്തതുമായ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന വ്യാഴാഴ്ച രാവിലെ നീക്കം ചെയ്തു. ടൗണിലെ റോഡുകളും ശുചീകരിച്ചു. ഉത്സവം ആരംഭിക്കുന്നതിന് മുമ്പും ഹരിതകര്‍മ്മസേന മാലിന്യങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page