സിപിഎം നേതാവ് പി ജയരാജനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; എട്ട് ആര്‍എസ്എസ് നേതാക്കളെ വെറുതെവിട്ടു, രണ്ടാം പ്രതി കുറ്റക്കാരന്‍

കൊച്ചി: സിപിഎം നേതാവ് പി ജയരാജനെ തിരുവോണ നാളില്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ എട്ട് ആര്‍എസ്എസ് നേതാക്കളെ ഹൈക്കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതികളും സര്‍ക്കാരും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരെ വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കി. ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4), എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. വധശ്രമത്തിനടക്കം പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ ആറുപേരെ വിചാരണക്കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ആര്‍എസ്എസ് ജില്ലാ, താലൂക്ക് കാര്യവാഹക് ഉള്‍പ്പെടെയുളളവരായിരുന്നു പ്രതികള്‍.
1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. കേരളത്തില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇത് പിന്നീട് വഴി വെച്ചിരുന്നു. ജയരാജന്‍ വധശ്രമ കേസില്‍ പ്രതിയായ എളംതോട്ടത്തില്‍ മനോജിനെ പിന്നീട് സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page