100 കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ്; ‘ജി ആന്‍ഡ് ജി’ ഉടമകളായ അച്ഛനും മകനും അകത്തായി

നൂറു കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ അച്ഛനും മകനും പൊലീസില്‍ കീഴടങ്ങി. പുല്ലാട് ജി ആന്‍ഡ് ജി നിക്ഷേപത്തട്ടിപ്പ് കേസിലാണ് ജി ആന്‍ഡ് ജി ഫിനാന്‍സിന്റെ ഡയറക്ടര്‍മാരായ തെള്ളിയൂര്‍ ശ്രീരാമ സദനത്തില്‍ ഡി ഗോപാലകൃഷ്ണന്‍ നായര്‍, മകന്‍ ഗോവിന്ദ് ജി നായര്‍ എന്നിവരാണ് തിരുവല്ല ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ഉടമകള്‍ക്കെതിരെ പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 124 കേസുകളുണ്ട്. 100 കോടിയിലേറെ രൂപ നിക്ഷേപകര്‍ക്ക് തിരികെ കിട്ടാനുണ്ട്. കേസുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണന്‍ നായര്‍, സിന്ധു വി നായര്‍, ഗോവിന്ദ് ജി നായര്‍, ലക്ഷ്മി എന്നിവര്‍ക്കെതിരെ നേരത്തെ കോയിപ്രം പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
അമിത പലിശ വാഗ്ദാനം ചെയ്താണ് ഉടമകള്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. ഒരു കൊല്ലത്തെ സ്ഥിരനിക്ഷേപത്തിന് 14 ശതമാനം, രണ്ടു കൊല്ലത്തേക്ക് 15 ശതമാനം, മൂന്ന് കൊല്ലത്തേക്ക് 16 ശതമാനം എന്നിങ്ങനെ ആയിരുന്നു വാഗ്ദാനം. 10 ലക്ഷം മുതല്‍ ഒരു കോടിയിലധികം രൂപവരെ നിക്ഷേപിച്ചവരുണ്ട്. നിക്ഷേപങ്ങളുടെ കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപത്തുക തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ പൊലീസില്‍ പരാതിപ്പെട്ടത്. മാസം തോറും നിക്ഷേപത്തിന്റെ ഒരു ശതമാനം വെച്ച് മടക്കിത്തരാമെന്ന് ഉടമകള്‍ നിക്ഷേപകരെ അറിയിച്ചിരുന്നു. പിന്നീടാണ് ഉടമകള്‍ മുങ്ങിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി കമ്പനിയുടെ 48 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page