കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് ഉന്നയിച്ച മൂന്നാം സീറ്റിനെ ചൊല്ലി യു ഡി എഫിൽ വിവാദം കടുക്കുന്നു. മൂന്നാം സീറ്റ് ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൂന്നാം സീറ്റ് വിഷയത്തിൽ അന്തിമ തീരുമാനം യു ഡി എഫ് യോഗത്തിലാണ് ഉണ്ടാകുക. വിഷയത്തിൽ മുസ്ലിംലീഗ് നേതൃസമിതി യോഗം അടിയന്തരമായി പാണക്കാട്ട് വിളിച്ചുചേർത്തു. നിലപാട് കടുപ്പിക്കാനാണ് ലീഗ് തീരുമാനം. കോൺഗ്രസുമായി ചർച്ച തുടരും. എല്ലാ പ്രാവശ്യവും ചെയ്യുന്നതുപോലെ ഇക്കുറി വിട്ടുവീഴ്ച വേണ്ടെന്നാണ് യോഗ തീരുമാനം.
അതേസമയം, മൂന്നാം സീറ്റ് വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യുകയാണെങ്കിൽ ലീഗിന് രണ്ടാം രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. രാജ്യസഭാ സീറ്റ് സംബന്ധിച്ച് ഒരു തീരുമാനവും മുന്നണിയിൽ എടുത്തിട്ടില്ല. ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് മുന്നണിയിൽ നടക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ചർച്ച അവസാനിച്ചിട്ടില്ല. മൂന്നാം സീറ്റ് വിഷയത്തിൽ ലീഗ് വിട്ടുവീഴ്ച ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും സതീശൻ പറഞ്ഞു.
അതിനിടെ, ലീഗിന് അഞ്ചോ ആറോ ലോക്‌സഭാ സീറ്റിന് അർഹതയുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞതും കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ലീഗ് സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല. നിലവിൽ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ച ആരംഭിച്ചിട്ടില്ല. സമരാഗ്നി യാത്രക്ക് ശേഷം സീറ്റ് വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും മുരളീധരൻ പറഞ്ഞു.
