തരിശ് നിലത്ത് നൂറ് മേനി; കൊയ്ത്തുത്സവത്തിനായി കളക്ടര്‍ പനങ്ങാട് പാടശേഖരത്തിലെത്തി

കാസര്‍കോട്; പനങ്ങാട് പാടശേഖരത്തില്‍ ‘ഒരുമ കൃഷിക്കൂട്ടം’ രണ്ടേക്കര്‍ തരിശ് നിലത്തു നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പില്‍ പങ്കെടുക്കാന്‍ ജില്ലാകളക്ടര്‍ നേരിട്ടെത്തി. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ പെടുന്ന പതിനഞ്ച് വര്‍ഷമായി തരിശായി കിടന്നിരുന്ന വയലാണ് കര്‍ഷകരുടെ കഠിനാദ്ധ്വാനത്തിന്റെയും ജില്ലാ ഭരണ സംവിധാനത്തിന്റെ പിന്തുണയുടേയും ഫലമായി കൃഷിക്ക് ഉപയുക്തമാക്കിയത്. കൃഷി വകുപ്പിന്റെ പൂര്‍ണപിന്തുണയോടെ നടപ്പിലാക്കിയ കൃഷിക്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായവും ലഭിച്ചിരുന്നു. മട്ട തൃവേണി നെല്‍ വിത്താണ് ഇവര്‍ കൃഷിക്കായി ഉപയോഗിച്ചത്. വി.രവീന്ദ്രന്‍ പ്രസിഡണ്ടും കെ.പി.ദേവകി സെക്രട്ടറിയുമായ ഒരുമ കര്‍ഷക കൂട്ടായ്മയില്‍ 14 അംഗങ്ങളാണ് ഉള്ളത്. 3 വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്താണ് ഇവര്‍ കൃഷി ചെയ്യുന്നത്. പനങ്ങാട് വയലില്‍ നടന്ന കൊയ്ത്തുത്സവം ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി കൃഷ്ണന്‍, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി പി ജോണ്‍, ഡെപ്യൂട്ടി ഡയറക്ടര്‍ രാഘവേന്ദ്ര എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ കെ.വി.ഹരിത സ്വാഗതവും കൃഷി അസിസ്റ്റന്റ് ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page