പെരിയയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ വിട

കാഞ്ഞങ്ങാട്: പെരിയ ദേശീയപാതയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച തായന്നൂര്‍, ചെരളത്തെ പുതിയപുരയില്‍ ടി.രഘുനാഥ് (52), സുഹൃത്ത് ചപ്പാരപ്പടവിലെ സി.രാജേഷ് (37) എന്നിവര്‍ക്ക് നാട് കണ്ണീരില്‍ വിട നല്‍കി. ഗുരുതരമായി പരിക്കേറ്റ തായന്നൂര്‍ തേരംകല്ല് സ്വദേശികളായ ടി.രാജേഷ് (35), രാഹുല്‍ (35) എന്നിവര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിയ ചാണവളപ്പ് തറവാട്ടില്‍ നടന്ന വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സംഘം സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സ്‌സിറ്റിക്ക് സമീപം ഇന്നലെ പുലര്‍ച്ചെ 1.30 മണിയോടെ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഡിവൈഡറില്‍ ഇടിച്ച ശേഷം തൊട്ടടുത്ത വലിയ കുഴിയിലേക്ക് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം.

നാലുപേരും ഉറ്റ സുഹ്യത്തുക്കളായിരുന്നു. ഉത്സവ സ്ഥലങ്ങളിലടക്കം ഒന്നിച്ചുള്ള യാത്രയായിരുന്നു ഇവരുടെ പതിവെന്ന് നാട്ടുകാര്‍ പറയുന്നു.
കാഞ്ഞങ്ങാട്ടെ സ്വകാര്യ ഡിഷ് കമ്പനിയിലെ ജീവനക്കാരനായ രാഘുനാഥ് അവിവാഹിതനാണ്. പരേതനായ കുഞ്ഞമ്പു.ടി. മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ടി. രാജു (ഡ്രൈവര്‍, കാലിച്ചാനടുക്കം), ടി.പ്രദീപ് (തായന്നൂര്‍), ടി.ബിന്ദു. പെയിന്റിങ് കമ്പനിയുടെ സെയില്‍സ് റെപ്രസന്റേറ്റിവായ രാജേഷിന്റെ മരണത്തോടെ നഷ്ടമായത് കുടുംബത്തിന്റെ അത്താണിയാണ്. ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുട്ടികളും വയസ്സായ അച്ഛനും അമ്മയും അടങ്ങുന്നതാണ് രാജേഷിന്റെ കുടുംബം. പി. അമ്പു- ജാനകി എന്നിവരുടെ മകനാണ്. ഭാര്യ: ആതിര (കോടോത്ത്), മക്കള്‍: ഋഷിക, ഒമ്പത് മാസം പ്രായമുള്ള പെണ്‍കുട്ടിയുമുണ്ട്. സഹോദരങ്ങള്‍: സി. രമ (ബിരിക്കുളം) സി. രഞ്ജിത (വണ്ണാത്തിക്കാനം) പരേതയായ രജനി. ഇന്നലെ വൈകിട്ട് 4ന് തായന്നൂര്‍ ചപ്പാരപ്പടവില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. എംഎല്‍എമാരായ ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാല്‍ എന്നിവര്‍ ആശുപത്രിയിലും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ ഇ.ബാലകൃഷ്ണന്‍, രാജീവന്‍ ചീരോല്‍, കണ്‍സ്യൂമര്‍ ഫെഡ് എക്സിക്യുട്ടീവ് അംഗം വി.കെ.രാജന്‍, ഒക്ലാവ് കൃഷ്ണന്‍, എം.രാജന്‍, യു.തമ്പാന്‍ നായര്‍, യു ഉണ്ണികൃഷ്ണന്‍, പി.ഗംഗാധരന്‍, സുരേഷ് വയമ്പ്, ബി.പി.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പൊതുദര്‍ശനത്തിലും അന്തിമോപചാരം അര്‍പ്പിച്ചു. വിവിധ സംഘടനകള്‍ക്ക് വേണ്ടിയും റീത്ത് സമര്‍പ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page