കാസര്‍കോട്: കുമ്പള ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തില്‍ കള്ളന്‍ കയറി.
ഹനുമാന്‍ ക്ഷേത്രത്തിന്റെയും മഹാമായ ദേവി ക്ഷേത്രത്തിന്റെയും കാണിക്കപ്പെട്ടികള്‍ പൊളിച്ചു മോഷ്ടാവ് പണം കവര്‍ച്ച ചെയ്തു. കാണിക്കപ്പെട്ടികളില്‍ 33,000 രൂപ ഉണ്ടായിരുന്നതായി കരുതുന്നു. ഞായറാഴ്ച
പുലര്‍ച്ചെ 4.30 മണിയോടെ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കവര്‍ച്ചാ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ ക്ഷേത്ര ഭരണസമിതി ഭാരവാഹികളെ വിവരം അറിയിച്ചു. സെക്രട്ടറി ജ്യോതിഷിന്റെ നേതൃത്വത്തിലെത്തിയ ഭാരവാഹികള്‍ കുമ്പള പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷിക്കുന്നു.
കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായി ഈ പ്രദേശമാകെ ദീപാലങ്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടയിലുണ്ടായ കവര്‍ച്ച നാട്ടുകാരെ അമ്പരപ്പിക്കുന്നു. നാലുമാസത്തിനുള്ളില്‍ 14 കവര്‍ച്ചകള്‍ കുമ്പള ടൗണ്‍ പരിസരങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ പ്രതികളാരും പിടിയിലാകാത്തത് നാട്ടുകാരെ ആശങ്കയിലാക്കുന്നു.
