സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് വലിയ പറമ്പ്; മികച്ച ബ്ലോക്ക് പഞ്ചായത്ത് നീലേശ്വരം; സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവന്തപുരം: 2022-23 വര്‍ഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. കൊല്ലം ജില്ലാ പഞ്ചായത്ത് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്താണ് ഒന്നാംസ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത്. അതേസമയം, മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം കാസര്‍കോട് ജില്ലയിലെ നീലേശ്വരം, മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, കോട്ടയം ജില്ലയിലെ വൈക്കം എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ലഭിച്ചു. ഒന്നാംസ്ഥാനം നേടിയവര്‍ക്ക് 50 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. പുരസ്‌കാരങ്ങള്‍ ഫെബ്രുവരി 19-ന് കൊട്ടാരക്കര ജൂബിലി ഹാളില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തുകളെ സംയോജിപ്പിച്ചു നൂതനവും, മാതൃകാ പരവുമായിട്ടുള്ള നിരവധി പദ്ധതികളും, ക്ഷേമ പ്രവര്‍ത്തനങ്ങളും, മികച്ച ജനപിന്തുണയുമാണ് മാധവന്‍ മണിയറ പ്രസിഡണ്ടായ ഭരണസമിതിക്ക് സംസ്ഥാന തലത്തില്‍ ലഭിച്ച ഈ അംഗീകാരത്തിന് പിന്നില്‍. ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും വാട്ടര്‍ എ.ടി.എം, ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആത്മഹത്യ പ്രതിരോധ ക്ലീനിക്ക്, അതിജീവനം സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി, സ്‌നേഹപഥം സഞ്ചരിക്കുന്ന ആതുരാലയം, താലൂക്ക് ആശുപത്രിയിലും സാമൂഹികാരോഗ്യ കേന്ദ്രത്തിലും രാത്രിക്കാല ഒ.പി, മൂന്ന് ഫിഷ്റ്റുകളിലായി രാത്രികാലങ്ങളിലടക്കം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സംവിധാനം, ചെറുവത്തൂര്‍ സി.എച്ച്.സി യില്‍ ബ്ലോക്ക്തല ഫിസിയോ തെറാപ്പി സെന്റര്‍, ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് കൊണ്ട് ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

പദ്ധതി പ്രവര്‍ത്തനങ്ങള്‍, പൊതുഭരണം, സംരംഭക പ്രവര്‍ത്തന മികവ്, കേന്ദ്രവിഷ്‌കൃതപദ്ധതി പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കി പരിശോധന നടത്തിയാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. വലിയപറമ്പ പഞ്ചായത്തില്‍ ശുചിത്വ മേഖലയില്‍ എല്ലാ വീട്ടിലും സമ്പൂര്‍ണ്ണ സെപ്റ്റിക് ടാങ്ക് പദ്ധതി ആരംഭിച്ചു. സമ്പൂര്‍ണ്ണ സോക്കേജ് പിറ്റ് ആശയം ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പാക്കി. സമ്പൂര്‍ണ്ണ മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കമായി. എല്ലാ വാര്‍ഡിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു. 24 കിലോമീറ്റര്‍ കടല്‍ത്തീരത്ത് 75,000 കാറ്റാടിതൈകള്‍ സ്വന്തമായി നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച് സ്ഥാപിച്ചു. കയര്‍ ഭൂവസ്ത്രമുപയോഗിച്ച് 18 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് തുടക്കമായി.ആരോഗ്യ മേഖലയില്‍ കായകല്‍പം അവാര്‍ഡ് നേടിയത് അടക്കമുള്ള സേവനങ്ങള്‍, ഹരിത കര്‍മ്മ സേന വാതില്‍ പടി സേവനത്തിന്റെ ഭാഗമായി ഫീസ് 100 ശതമാനം പിരിച്ചു. സംസ്ഥാനത്ത് ആദ്യമായി നാലാം തവണയും നികുതി പിരിവ് ആദ്യമായി പൂര്‍ത്തീകരിച്ചു. 44വര്‍ഷത്തിനിടയില്‍ കഴിഞ്ഞവര്‍ഷം ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ആദ്യമായി പഞ്ചായത് നേടിയിരുന്നു. രാഷ്ട്രീയ, മത ഭേദമന്യേ തീരദേശജനതയ്ക്ക് ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിവി സജീവന്‍ പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളുടെയും പൂര്‍ണ സഹകരണം കൊണ്ടാണ് ഈ നേട്ടത്തിന് പഞ്ചായത്ത് അര്‍ഹമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page