തിരുവനന്തപുരം: ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രി ആന്റണി രാജു. തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക്ക് ബസുകളുടെ ഫ്ളാഗ് ഓഫ് ചടങ്ങിനെ ചൊല്ലിയാണ് ആന്റണി രാജു ഗണേശിനെതിരെ പരസ്യമായി രംഗത്തുവന്നത്. ഏറെക്കാലമായി ഇരുവരും തമ്മിലുള്ള ശീതസമരം ഇതോടെ മറനീക്കി പുറത്തുവന്നു. പുതിയ ഇലക്ട്രിക് ബസുകള്‍ തന്റെ കുഞ്ഞാണെന്ന് ആന്റണി രാജു പറഞ്ഞു. ഫ്‌ളാഗ് ഓഫ് ചടങ്ങിന് വരുന്നത് രണ്ടാം അച്ഛനാണോ എന്ന് അറിയില്ല. പുത്തരിക്കണ്ടത്ത് പരിപാടി നടത്തുമെന്നായിരുന്നു അറിയിച്ചത്. പിന്നീട് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലേക്ക് മാറ്റി. പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ വിഷമമില്ല. ബസ് നിരത്തിലിറങ്ങുമ്പോള്‍ ഒരച്ഛന്റെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന് ഒരു മണിക്കൂര്‍ മുമ്പ് ആന്റണി രാജു ബസ് സന്ദര്‍ശിച്ചു. ഗണേഷ് കുമാര്‍ ഗതാഗതമന്ത്രി പദവി ഏറ്റെടുത്തതിനുപിന്നാലെ മുന്‍ മന്ത്രി ആന്റണി രാജു നടപ്പാക്കിയ പല പരിഷ്‌കാരങ്ങളും നടപടികളും റദ്ദാക്കിയിരുന്നു. ഉദ്യോഗസ്ഥരെ അടക്കം അഴിച്ചുപണിയുകയും ചെയ്തു. ഇതിനെതിരെ ആന്റണി രാജു പരസ്യമായി പ്രതികരിച്ചിരുന്നില്ല.
