കാസര്‍കോട്: ഓട്ടോ ഡ്രൈവറെ ബസ് വെയ്റ്റിങ് ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ നാലാംവാതുക്കല്‍ സ്വദേശി നാരായണനാ(62)ണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഉദുമയിലെ ബസ് വെയ്റ്റിങ് ഷെഡിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാലുകള്‍ നിലത്തുമുട്ടിയ നിലയിലായിരുന്നു. ഷെഡിലെ ചെറിയ കോണ്‍ക്രീറ്റ് തൂണിന് ചേര്‍ന്നായിരുന്നു മൃതദേഹം. വസ്ത്രത്തിന് സ്ഥാനചലനം സംഭവിക്കാത്തതും സംശയം വര്‍ധിപ്പിച്ചു. അതേസമയം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. നാലാംവാതുക്കലിലെ പരേതനായ കുട്ട്യന്റെയും ചോയിച്ചിയുടെയും മകനാണ്. സാവിത്രിയാണ് ഭാര്യ. പ്രിയ, പ്രീത, നവീണ്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ലതീഷ്, മനോജ്. സഹോദരങ്ങള്‍: മാധവി, രോഹിണി, വിജയന്‍, രജനി, പരേതനായ രാമകൃഷ്ണന്‍.
