പ്രശസ്ത തമിഴ് സംവിധായകന്‍ എം മണികണ്ഠന്റെ ഉസിലംപട്ടിയിലെ വീട്ടില്‍ മോഷണ സംഭവത്തില്‍ വഴിത്തിരിവ്. സംവിധായകന്റെ ഡ്രൈവറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേയാണ് സംഭവത്തില്‍ പുതിയൊരു വഴിത്തിരിവ് ഉണ്ടായത്. കവര്‍ച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്‌കാരം മാത്രം തിരിച്ചുനല്‍കിയിരിക്കുകയാണ് മോഷ്ടാക്കള്‍.
കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണ്ണവും രണ്ട് ദേശീയ അവാര്‍ഡ് മെഡലുകളുമാണ് മോഷണംപോയത്. മണികണ്ഠന്‍ സിനിമാ തിരക്കുകള്‍ മൂലം ചെന്നൈയിലായിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റും ഡ്രൈവറുമാണ് ഉസിലംപട്ടിയിലെ വീടിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
ദേശീയ പുരസ്‌കാരത്തിന്റെ മെഡലുകളാണ് മോഷ്ടാക്കള്‍ കഴിഞ്ഞദിവസം രാത്രി തിരികെ നല്‍കിയത്. പോളിത്തീന്‍ കവറിലാക്കി വീടിന്റെ ഗേറ്റിനുമുകളില്‍ വെയ്ക്കുകയായിരുന്നു. ഒപ്പം ഒരു കത്തും ഉണ്ടായിരുന്നു. തങ്ങളോട് ക്ഷമിക്കണമെന്നും നിങ്ങള്‍ അധ്വാനിച്ച് സമ്പാദിച്ചത് നിങ്ങള്‍ക്കുള്ളതാണ് എന്നുമാണ് കത്തിന്റെ ഉള്ളടക്കം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കാക്ക മുട്ടൈ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ വ്യക്തിയാണ് എം മണികണ്ഠന്‍. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം മികച്ച കുട്ടികള്‍ക്കുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ആണ്ടവന്‍ കട്ടളൈ, കടൈസി വ്യവസായി തുടങ്ങിയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
