കാസര്‍കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു രാഷ്ട്രീയ രംഗം ചൂടുപിടിച്ചു കൊണ്ടിരിക്കെ സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള കൊടലമുഗര്‍-പാത്തൂരില്‍ തെരഞ്ഞെടുപ്പു ചൂട് ഇരട്ടിച്ചു. ഈമാസം 18നു നടക്കുന്ന വൊര്‍ക്കാടി പഞ്ചായത്തിലെ കൊടലമുഗര്‍-പാത്തൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പാണ് മേഖലയില്‍ പുകഞ്ഞു കൊണ്ടിരിക്കുന്നത്. സൊസൈറ്റിയില്‍ 11 ഡയറക്ടര്‍മാരാണുള്ളത്. ഇടതുമുന്നണി ഒറ്റക്കെട്ടായാണ് ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ദീര്‍ഘകാലമായി ഭരണം നടത്തുന്ന സിപിഎം അവകാശപ്പെടുന്നുണ്ടെങ്കിലും ആ പാനലില്‍ 11 പേരും സിപിഎം പ്രവര്‍ത്തകരാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ തെരഞ്ഞെടുപ്പിന്റെ പേരില്‍ ലക്ഷങ്ങള്‍ കൂടി നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാമെന്നും അതിനുവേണ്ടി നാട്ടില്‍ സ്വാധീനമുള്ള ബി.ജെ.പി, കോണ്‍ഗ്രസ്, മുസ്ലീംലീഗ്, സി.പി.ഐ എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ ഡയറക്ടര്‍ സ്ഥാനം നല്‍കി മത്സരമൊഴിവാക്കാമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും സിപിഎം നേതൃത്വം അതവഗണിക്കുകയായിരുന്നെന്നു പറയുന്നു.
ഇതിനെത്തുടര്‍ന്ന് സഹകരണ സംഘത്തിന്റെ ചരിത്രത്തിലാദ്യമായി നാലു കോണ്‍ഗ്രസ്സുകാരും രണ്ടു സ്വതന്ത്രരും ഇത്തവണ മത്സരരംഗത്ത് സജീവമായിട്ടുണ്ട്. സൊസൈറ്റിയില്‍ മെമ്പര്‍മാരാവാന്‍ എത്തുന്നവര്‍ക്കു മെമ്പര്‍ഷിപ്പും വായ്പാ സൗകര്യവും നിഷേധിക്കുന്നുവെന്ന് നേരത്തെ ഭരണ കക്ഷിക്കെതിരെ ആക്ഷേപമുണ്ട്. ഇതിനു പുറമെ വായ്പ അനുവദിക്കുന്നതില്‍ വിവേചനവും പക്ഷപാതവുമുണ്ടെന്ന് സിപിഎം അംഗങ്ങള്‍ പോലും പരാതിപ്പെടുന്നതായി സംസാരമുണ്ട്. ഒറ്റപ്പാര്‍ട്ടി ഭരണത്തിലായിട്ടും ബാങ്ക് ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും വ്യാപക വിമര്‍ശനമുണ്ട്.
നാലുകോണ്‍ഗ്രസ്സുകാരും രണ്ടു കക്ഷിരഹിതരുമാണ് സിപിഎം പാനലിനെതിരെ മത്സര രംഗത്തുള്ളതെങ്കിലും വീറും വാശിയും നീറിപ്പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
എല്ലാവരും നേരില്‍ക്കാണുമ്പോള്‍ പരസ്പരം പുഞ്ചിരിക്കുകയും കുശലന്വേഷണം പറയുകയും ചെയ്യുന്നു. അതേ സമയം പിന്നീടവര്‍ എന്താണ് ചെയ്യുന്നതെന്ന സംശയവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.സിപിഐയെ അവഗണിച്ചുകൊണ്ടു നടത്തിയ മത്സരം മഞ്ചേശ്വരം മേഖലയില്‍ പല സൊസൈറ്റികളുടെയും ഭരണം സിപിഎമ്മിനു നഷ്ടപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, കോണ്‍-ലീഗ്-ബി.ജെ.പി എന്നീ പാര്‍ട്ടികളും സിപിഎമ്മിന്റെ സഹകരണ രാഷ്ട്രീയത്തില്‍ അതൃപ്തരാണ്.
