ലോകസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം). കോട്ടയം ലോക്സഭാ മണ്ഡലത്തിൽ തോമസ് ചാഴികാടൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. 2019ല്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചാണ് തോമസ് ചാഴികാടന്‍ ജയിച്ചത്. അന്ന് ഇടത് സ്ഥാനാർത്ഥിയായിരുന്ന വി എന്‍ വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാർത്ഥിയായി മത്സരിച്ച തോമസ് ചാഴികാടന്‍ തോല്‍പിച്ചത്.
അതേ സമയം ഒരേയൊരു പേരു മാത്രമാണ് മുന്നോട്ടുവന്നതെന്ന് ചെയർമാൻ ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ എം മാണി തന്നെ തീരുമാനിച്ച സ്ഥാനാർത്ഥിയായിരുന്നു തോമസ് ചാഴികാടൻ.
20 സീറ്റിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾ വിജയിച്ച് വരേണ്ടതുണ്ട്. പാർട്ടിയെ മുന്നണിയിൽ നിന്ന് പുറത്താക്കുകയാണ് യുഡിഎഫ് ചെയ്തത്. പിന്നെയും കാത്തിരുന്നെങ്കിലും യുഡിഎഫ് തീരുമാനം മാറ്റിയില്ല. അപ്പുറത്ത് ആര് മത്സരിക്കുന്നു എന്നത് ഞങ്ങൾക്ക് പ്രശ്നമല്ലെന്നും ജോസ് കെ മാണി പറഞ്ഞു. കൂടുതൽ ലോക്സഭാ സീറ്റിനും രാജ്യസഭാ സീറ്റിനും പാർട്ടിക്ക് അർഹതയുണ്ട്. സിപിഎം വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. അങ്ങനെയാണ് അവരുടെ കൈവശമുള്ള കോട്ടയം സീറ്റ് തങ്ങൾക്ക് തന്നത്. കൂടുതൽ സീറ്റിന് അർഹതയുണ്ടെങ്കിലും അവിടെ ഒരു വഴക്കിന് തങ്ങളില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
2024ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ആദ്യ സ്ഥാനര്‍ഥി പ്രഖ്യാപനമാണിത്. 1991 മുതല്‍ 2011 വരെ നാലു തവണ ഏറ്റുമാനൂരില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട് തോമസ് ചാഴികാടന്‍. തുടര്‍ച്ചയായ നാല് വിജയങ്ങള്‍ക്ക് ശേഷം 2011-ല്‍ സിപിഎമ്മിലെസുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. 2016-ലെ തിരഞ്ഞെടുപ്പിലും കുറുപ്പിനോട് വീണ്ടും തോല്‍വി ഏറ്റുവാങ്ങിയ അദ്ദേഹം പിന്നീട് 2019-ലാണ് ആദ്യമായി ലോക്‌സഭയിലേക്കെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹോദരന്‍ ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെത്തുടര്‍ന്നാണ് തോമസ് ചാഴികാടന്‍ രാഷ്ട്രീയരംഗത്തേക്കെത്തിയത്.
