കാസർകോട്: മനുഷ്യക്കടത്ത് നടത്തുന്നതിനായി വ്യാജ സീലുകളും വ്യാജരേഖകളും ഉണ്ടാക്കിയ കേസില്‍ അറസ്റ്റിലായ മൂന്നംഗ സംഘത്തെ ബംഗ്‌ളൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയിലെ പുതിയക്കണ്ടം ഹൗസില്‍ എം.എ.അഹ്‌മദ്, അബ്രാര്‍ (26), എം.എ.സാബിത്ത്, (25), പടന്നക്കാട്, കരുവളത്തെ ഫാത്തിമ മന്‍സിലില്‍ മുഹമ്മദ് സഫ്‌വാന്‍ (25) എന്നിവരെ ബേഡകം എസ്.ഐ.എം ഗംഗാധരന്റെ നേതൃത്വത്തില്‍ ബംഗ്‌ളൂരുവില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘത്തെ ഈ മാസം ഒന്നിനു രാത്രിയിലാണ് ബന്തടുക്ക, കണ്ണാടിത്തോട്ടില്‍ വച്ച് പൊലീസിന്റെ പിടിയിലായത്. കാറിനകത്തു പരിശോധന നടത്തിയപ്പോള്‍ 37 വ്യാജ സീലുകളും നിരവധി രേഖകളുമാണ് പിടികൂടിയത്.ഉത്തര കൊറിയയിലേയ്ക്ക് ആള്‍ക്കാരെ കയറ്റി അയക്കുന്നതിനാണ് ബംഗ്‌ളൂരുവില്‍ നിന്നു വ്യാജ സീലുകളും രേഖകളും ഉണ്ടാക്കിയതെന്നായിരുന്നു അറസ്റ്റിലായ പ്രതികള്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായാണ് റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്.
