മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ട് എംഎല്‍എ സ്ഥാനം രാജിവച്ചു. 65 കാരനായ ചവാന്‍ തിങ്കളാഴ്ച രാവിലെയാണ് നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ കണ്ട് രാജി സമര്‍പ്പിച്ചത്.
മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദിയോറയും പാര്‍ട്ടി വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവവികാസം. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ചവാന്റെ രാജി. അതേസമയം രാജിക്കുള്ള കാരണം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പാര്‍ടിയില്‍ അതൃപ്തനാണെന്ന റിപോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെയാണ് പുതിയ വഴിത്തിരിവ്. ബി.ജെപിയില്‍ ചേരുമെന്ന പ്രചരണം സംസ്ഥാന രാഷ്ട്രീയത്തില്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു. അടുത്ത ദിവസങ്ങളില്‍ ചവാന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്.
