ബീഹാറില്‍ വിശ്വാസം നേടി നിതീഷ് കുമാര്‍; സ്പീക്കറെ പുറത്താക്കി; ആര്‍ജെഡിയുടെ മൂന്ന് എംഎല്‍എമാര്‍ മറുകണ്ടം ചാടി; പ്രതിപക്ഷം ബഹിഷ്‌കരിച്ചു

ബീഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു -ബിജെപി സഖ്യ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി.
243 അംഗ സഭയില്‍ 129 അംഗങ്ങളുടെ പിന്തുണയാണ് സഖ്യ സര്‍ക്കാരിന് ലഭിച്ചു.
കേവല ഭൂരിപക്ഷം തെളിയിക്കാന്‍ 122 പേരുടെ പിന്തുണയാണ് ആവശ്യം. കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടത് എംഎല്‍എമാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പുതിയ സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുമ്പേ നിയമസഭാ സ്പീക്കറെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പിന് മുന്‍പാണ് ആര്‍ജെഡി നേതാവും സ്പീക്കറുമായ അവധ് ബിഹാരി ചൗധരിക്ക് നേരെ ഭരണപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കൂടാതെ ആര്‍ജെഡിയുടെ മൂന്ന് എംഎല്‍എമാര്‍ പാര്‍ട്ടി ഉപേക്ഷിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിലേക്ക് മാറുകയും ചെയ്തു. ഇതോടെ ലാലു പ്രസാദ് യാദവിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. 125 അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്. നീലം ദേവി, ചേതന്‍ ആനന്ദ്, പ്രഹ്ലാദ് യാദവ് എന്നിവരാണ് സഭയില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്നത്. നിതീഷ് കുമാര്‍ ഉള്‍പ്പെടെ ജെഡിയുവിന് 45 എംഎല്‍എമാരാണുള്ളത്. എന്‍ഡിഎയിലെ മറ്റൊരു കക്ഷിയായ ബിജെപിക്ക് 78 എംഎല്‍എമാരാണുള്ളത്. കൂടാതെ, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ നാല് എംഎല്‍എമാരും നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) സഖ്യത്തില്‍ ഉള്‍പ്പെടുന്നു.
കോണ്‍ഗ്രസ് പ്രതിപക്ഷത്തിന് 114 സീറ്റാണിപ്പോഴുള്ളത്. ജനുവരി 28നാണ് ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ജെഡിയുവിന്റെ ബിജെപിയുടെയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ആര്‍ജെഡി എംഎല്‍എമാരും ഇടതുപക്ഷ എംഎല്‍എമാരും മുന്‍ മുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീട്ടിലാണ് തമ്പടിച്ചത്. ദിവസങ്ങള്‍ക്ക് മുന്നേ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എംഎല്‍എമാരെ ഇന്നലെ രാത്രിയോടെയാണ് പട്‌നയിലേക്കെത്തിച്ചത്. അഞ്ച് ജെഡിയു എംഎല്‍എമാരെ കാണാനില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു പൊലീസ് സംഘം തേജസ്വിയുടെ വീട്ടിലേക്കെത്തിയത്. ആര്‍ജെഡി എംഎല്‍എ ചേതന്‍ ആനന്ദിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് തേജസ്വിയുടെ വീട്ടിലെത്തിയതെന്നായിരുന്നു പൊലീസിന്റെ വിദശീകരണം.
വിശ്വാസവോട്ടെടുപ്പിനായി ഇന്ന് നിയമസഭ ചേര്‍ന്നതോടെ ചേതന്‍ ആനന്ദ് മറ്റു രണ്ട് ആര്‍ജെഡി എംഎല്‍എമാര്‍ക്കൊപ്പം ഭരണപക്ഷത്ത് ഇരിക്കുന്ന കാഴ്ചയാണ് കണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page