കാസര്‍കോട്: യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ഗവ.കോളജില്‍ ആരംഭിച്ച കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 51 അനുശാസിക്കുന്നത്, ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളര്‍ത്തുകയെന്നത് പൗരന്റെ കടമയാണ് എന്നുള്ളതാണ്. എന്നാല്‍ ആ കാഴ്ചപാടിനെ കാറ്റില്‍പ്പറത്തി രാജ്യത്തെ മതരാഷ്ട്രമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ തന്നെ അതിനു നേതൃത്വം നല്‍കുന്ന കാഴ്ച ദൗര്‍ഭാഗ്യകരമാണ്. ശാസ്ത്ര ബോധത്തിന് അനുസൃതമല്ലാത്ത പല പ്രവണതകളും ഉയര്‍ന്നുവരികയാണ്. ശാസ്ത്രമുന്നേറ്റമുണ്ടാകുമ്പോള്‍ കരുതലേടെ ഇരിക്കേണ്ട അവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രൊഫ.കെ.പി.സുധീര്‍ അധ്യക്ഷനായി. ഡോ.എസ്.പ്രദീപ് കുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, ഡോ.വി.എസ്.അനില്‍ കുമാര്‍, ഡോ.മനോജ് പി.സാമുവല്‍ സംസാരിച്ചു. വിവിധ പുരസ്‌ക്കാരങ്ങളും ചടങ്ങുകളും ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. രാവിലെ കോഴിക്കോട്ട് നിന്ന് ഹെലികോപ്ടര്‍ മാര്‍ഗ്ഗമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. ഗവ.കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങിയ അദ്ദേഹത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗവ.കോളേജില്‍ നോബല്‍ സമ്മാന ജേതാവ് മോര്‍ട്ടന്‍ പീറ്റര്‍ മേല്‍ഡലുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.