കാസർകോട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ 36-ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസർകോട് ഗവ കോളേജിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉദ്ഘാടനം ചെയ്യും. ദേശീയ ശാസ്ത്ര എക്സ്പോ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.സി.എസ്.ടി.ഇ (കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍) മെമ്പര്‍ സെക്രട്ടറി ഡോ.എസ് പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.ആര്‍.ബി.എം ഡയറക്ടരും സംഘാടകസമിതി കണ്‍വീനറുമായ ഡോ മനോജ് സാമുവല്‍, നാറ്റ് പാക്ക് ഡയറക്ടര്‍ സാംസണ്‍, കെ.എസ്.സി.എസ്.ടി.ഇ ശാസ്ത്രജ്ഞര്‍, ഗവണ്‍മെന്റ് കോളേജ് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമായി.
ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം എന്നതാണ് ‘ ഇത്തവണത്തെ സയന്‍സ് കോണ്‍ഗ്രസിന്റെ പ്രധാന വിഷയം. വിവിധ വിഷയങ്ങളില്‍ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങള്‍, ശാസ്ത്രമേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയവരുടെ സ്മരണാര്‍ത്ഥമുള്ള പ്രഭാഷണങ്ങള്‍ എന്നിവയുണ്ടാകും.
ഐ.എസ്.ആര്‍.ഒ, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി.), കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആര്‍.ഐ.), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (എന്‍.ഐ.ഐ.എസ്.ടി.) തുടങ്ങിയ രാജ്യത്തെ വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടേതുമായി നൂറ്റിരണ്ട് സ്റ്റാളുകളാണ് ശാസ്ത്ര കോണ്‍ഗ്രസ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
അതേസമയം കേരള ശാസ്ത്ര കോണ്‍ഗ്രസ് ഐ.സി.സി.എസ് തയ്യാറാക്കിയ ക്ലൈമെറ്റ് സ്റ്റേറ്റ്മെന്റ് 2023 മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യും. മികച്ച യുവശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡ്, ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ എന്നിവയും സയന്‍സ് കോണ്‍ഗ്രസ് വേദിയില്‍ വിതരണം ചെയ്യും. മികച്ച യുവശാസ്ത്രജ്ഞരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡലും പ്രശസ്തിപത്രവും 50,000 രൂപയുടെ കാഷ് പ്രൈസും 50 ലക്ഷം രൂപയുടെ റിസര്‍ച്ച് പ്രോജക്ടുമാണ് ലഭിക്കുക. കാസര്‍കോടിന്റെ പ്രദേശിക പ്രശ്‌നങ്ങള്‍ക്ക് മികച്ച ശാസ്ത്രീയ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന യുവാക്കള്‍ക്ക് കാഷ് അവാര്‍ഡും നല്‍കും.
രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യ പ്രഭാഷണം നടത്തും. നാലു ദിവസങ്ങളിലായി നടക്കുന്ന സയന്‍സ് കോണ്‍ഗ്രസ് 11ന് ഞായറാഴ്ച്ച സമാപിക്കും.
