ന്യൂഡൽഹി:ഉത്തരാഖണ്ഡിന് ശേഷം ഏക സിവിൽ കോഡ് നടപ്പാക്കാൻ രാജസ്ഥാനും ഉത്തർപ്രദേശും. യുസിസി നടപ്പാക്കാന്നുള്ള ശ്രമങ്ങൾ തുടങ്ങിയതായി രാജസ്ഥാനിലെ മന്ത്രി കൻഹൈയ ലാൽ ചൗധരി. പോർച്ചുഗീസ് ഭരണ കാലം മുതൽ തന്നെ ഗോവയിൽ ഏക സിവിൽ കോഡ് നിലവിലുണ്ടെന്നും യുസിസി ബിൽ കൃത്യ സമയത്താണ് സഭയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും പുഷ്‌കർ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ താൻ അഭിനന്ദിക്കുന്നതായും ഉത്തർപ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ അഭിപ്രായപ്പെട്ടു. ഏക സിവിൽ കോഡ് ബിൽ ഉത്താരഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ചൊവ്വാഴ്ചയാണ് അവതരിപ്പിച്ചത്.
ഉത്തരാഖണ്ഡിലെ എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ഏകീകൃത സിവിൽ കോഡ് ബിൽ സഭയിൽ എത്തിയിരിക്കുന്നുവെന്നും ഇത് അഭിമാന നിമിഷമാണെന്നും ധാമി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചിരുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ മുൻകൈ എടുക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് അറിയപ്പെടുമെന്നും ധാമി പറഞ്ഞു. അതേ സമയം ഉത്തരാഖണ്ഡ് ആഗ്രഹിക്കുന്നത് തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നതെന്നും, രാജസ്ഥാൻ ധീരതയുടെ നാടാണെന്നും, ഞങ്ങളും ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്നുവെന്നും രാജസ്ഥാനിലെ ബിജെപി എംഎൽഎ ഗോപാൽ ശർമ്മയും പ്രതികരിച്ചു.
