പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു. ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായ ശേഷം സംഘം ചേർന്ന് പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. സംഭവത്തിൽ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 18 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.
ഇൻസ്റ്റഗ്രാം വഴി താൻ ആദ്യം ഒരാളെ പരിചയപ്പെടുകയും ഇയാൾ മറ്റുള്ള സുഹൃത്തുക്കൾക്ക് തൻ്റെ ഫോൺ നമ്പർ കൈമാറുകയും ചെയ്തതായാണ് പെൺകുട്ടി മൊഴി നൽകിയത്. താൻ പീഡനത്തിന് ഇരയായതായും പെൺകുട്ടി മൊഴി നൽകി. തൻ്റെ നഗ്ന ചിത്രങ്ങൾ പ്രതികൾ പ്രചരിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്കൂളിൽ പോകാൻ പെൺകുട്ടി കുറച്ച് ദിവസങ്ങളായി വിസമ്മതിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. സ്കൂൾ അധികൃതർ ഇടപെട്ട് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. സ്കൂൾ അധികൃതർ ഉടൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. സിഡബ്ല്യുസി പെൺകുട്ടിയിൽ നിന്ന് മൊഴി എടുത്തു. സംഭവത്തില്‍ സൈബര്‍ പൊലീസിന്‍റെ ഉള്‍പ്പെടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്.