ആലപ്പുഴ: ഒരു വ്യക്തിയുടെ കൊലപാതകത്തില്‍ പ്രതികളായ മുഴുവന്‍ പേര്‍ക്കും ഒരേ സമയം തൂക്കുകയര്‍ വിധിക്കുന്നത് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ഇത് രണ്ടാം തവണ. അതേസമയം കേരള നീതിന്യായ ചരിത്രത്തില്‍ ഇത് ആദ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഇങ്ങനെയൊരു വിധി വന്നത് നിയമ മേഖലകളാകെ ചര്‍ച്ച ചെയ്യുകയാണ്. രാജീവ് ഗാന്ധി വധക്കേസില്‍ കുറ്റക്കാരെന്നു കണ്ട 26 പ്രതികള്‍ക്കാണ് അന്ന് ടാഡാ കോടതി വധശിക്ഷ വിധിച്ചത്. ഇതാണ് ഒരു വ്യക്തിയുടെ കൊലപാതകത്തില്‍ പ്രതികളായ മുഴുവന്‍ പേര്‍ക്കും വധ ശിക്ഷ നല്‍കുന്ന ആദ്യ വിധി വന്നത്. ഇതിനുമുമ്പ് ഇത്തരത്തില്‍ കൂട്ട വധശിക്ഷ വിധിച്ചത് 1947 ലാണ്. അതാകട്ടെ കൂട്ടകലാപത്തെ തുടര്‍ന്നുള്ള കേസുകളിലാണ്. ബിഹാറിലെ ജഹാനാബാദില്‍ 1997 ഡിസംബര്‍ ഒന്നിന് 58 ദലിതരെ കൂട്ടക്കൊല ചെയ്ത കേസിലെ 16 പ്രതികള്‍ക്കു ജില്ലാ കോടതി വധ ശിക്ഷ വിധിച്ചു. 1993 മുംബൈ സ്ഫോടനപരമ്പരക്കേസില്‍ 12 പേര്‍ക്കു 2007 ല്‍ ടാഡാ കോടതി വധശിക്ഷ വിധിച്ചു. മറ്റൊരു കൂട്ട വധശിക്ഷ വിധി കോടതി പുറപ്പെടുവിക്കുന്നത് 2008 ലെ അഹമ്മദാബാദ് ബോംബ് സ്‌ഫോടന കേസിലാണ്. അന്ന് 38 പേര്‍ക്കാണ് അഹമ്മദാബാദ് വിചാരണ കോടതി വധശിക്ഷ പ്രഖ്യാപിച്ചത്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസിലാണ് പ്രതികളായ 15 എസ് ഡി പി ഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കും വധശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന സുപ്രധാന നിരീക്ഷണം നടത്തിയാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിജി ശ്രീദേവി ശിക്ഷ പ്രഖ്യാപിച്ചത്. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.
2021 ഡിസംബര്‍ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ വച്ച് രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് എസ്ഡിപിഐ നേതാവ് കെഎസ് ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു രണ്‍ജിത്തിനെ വധിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തില്‍ വിചാരണ നേരിട്ടവര്‍. പ്രതികളെല്ലാം കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പ്രതികളെല്ലാം ഒരുപോലെ കുറ്റകൃത്യത്തില്‍ പങ്കാളികളായി എന്നും കോടതി നിരീക്ഷിച്ചിരുന്നു. വിധിയില്‍ സന്തോഷമുണ്ടെന്നും നീതി നടപ്പായെന്നും രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ മാധ്യമങ്ങളോട് പ്രതികരിച്ചു. മത തീവ്രവാദികള്‍ക്കുള്ള കനത്ത തിരിച്ചടിയും പടവുമാണ് കോടതി വിധിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ് പറഞ്ഞു.